സിഡ്‌നി: സെന്റര്‍ കോസ്റ്റ് മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി അനുലാല്‍, സെക്രട്ടറിയായി ടിന കുര്യന്‍, ട്രഷററായി അന്‍സാരി അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന്റ് ഒരു വര്‍ഷത്തോളം നീണ്ട അഭാവത്തിനു ശേഷമാണിപ്പോള്‍ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. ഇടവേളയുടെ കാലയളവില്‍ അസോസിയേഷനു ജീവവായു പകര്‍ന്ന് ഇതിന്റെ നിലനില്‍പ് ഉറപ്പാക്കിയത് അഡൈ്വസറി ബോര്‍ഡായിരുന്നു. അവരില്‍ നിന്നാണ് പുതിയ ഭരണസമിതി ഇപ്പോള്‍ അധികാരം ഏറ്റുവാങ്ങുന്നത്. ടോമി ജോസഫ്-വൈസ്പ്രസിഡന്റ്, ലിന്റോ ഫ്രാന്‍സിസ്-ജോയിന്റ് സെക്രട്ടറി, അതുല്യ ഫ്രാന്‍സിസ്. അനൂപ് പോള്‍സന്‍, ശ്രുതി സൈമണ്‍, ബിനോള്‍ഡ് എടയാനിക്കാട്ട്, സീമ ജിസ്, അരുണ്‍ മോഹന്‍ദാസ്, ആഷ ജസ്റ്റിന്‍-എക്‌സിക്യൂട്ടിവ് മെംബര്‍മാര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.
അഡൈ്വസറി ബോര്‍ഡിന് തികഞ്ഞ ഉത്തരവാദിത്വത്തോടെ നേതൃത്വം നല്‍കിയത് സിബി ചാക്കോച്ചന്‍, രവികുമാര്‍, ജോയല്‍ പി ജോയി എന്നിവരായിരുന്നു. ഇവരുടെ നിതാന്തമായ ശ്രദ്ധയും അക്ഷീണമായ പരിശ്രമവും നിതാന്തമായ വീക്ഷണവുമായിരുന്നു ഒരു വര്‍ഷം അസോസിയേഷനെ പിടിച്ചു നിര്‍ത്തിയത്. കേവലമായി ദൈനംദിന കാര്യങ്ങള്‍ നോക്കിനടത്തുന്നതിലുപരി ഓണാഘോഷം പോലെ ഈ കൂട്ടായ്മയുടെ മുഖമുദ്രയായി മാറിയ കാര്യങ്ങളൊക്കെ വീഴ്ച കൂടാതെ സംഘടിപ്പിക്കുന്നതിനും കാരണമായത് ഇവരുടെ പ്രത്യേക ശ്രദ്ധയുടെ ഫലമായിരുന്നു. ഇവരുടെ നിസ്തുലമായ സേവനങ്ങള്‍ക്കു നന്ദി അറിയിക്കുന്നതായി സ്ഥാനമേറ്റെടുക്കുന്നതിനു മുന്നോടിയായി പുതിയ ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടത്തുന്നതിനു പകരം ഭാരവാഹിത്വം എന്ന വലിയ ഉത്തരവാദിത്വം സ്വമേധയാ ഏല്‍ക്കുന്നതിന് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്‍ തയാറായി മുന്നോട്ടുവരികയായിരുന്നു. ആയിരത്തഞ്ഞൂറോളം മലയാളികളാണ് നോര്‍ത്ത് സെന്‍ട്രല്‍ കോസ്റ്റില്‍ താമസക്കാരായുള്ളത്. ഇതിലെ വയങ്ങ് റീജണിലെ കുടുംബങ്ങളാണ് സെന്‍ട്രല്‍ കോസ്റ്റ് മലയാളി അസോസിയേഷനില്‍ അംഗങ്ങളായുള്ളത്. ഇവരില്‍ കൂടുതല്‍ പേരും മെഡിക്കല്‍, ഐടി, ബിസിനസ് രംഗങ്ങളിലാണ് സേവനമനുഷ്ഠിച്ചു പോരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ഇടപെടുന്നതിനൊപ്പം സെന്‍ട്രല്‍ കോസ്റ്റില്‍ മലയാളത്തെ അടയാളപ്പെടുത്തുകയും മലയാളി പൈതൃകത്തെ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്വമാണ് പുതിയ ഭരണസമിതി സ്വമേധയാ ഏറ്റെടുക്കാന്‍ തയാറായിരിക്കുന്നത്. ഇത്രയും വലിയ സമര്‍പ്പണ മനോഭാവത്തിന് ഇവരോട് തങ്ങള്‍ കടപ്പെട്ടിരിക്കുന്നതായി അസോസിയേഷനിലെ അംഗങ്ങള്‍ ഒന്നടങ്കം വ്യക്തമാക്കി. അതുപോലെ ഒരു വര്‍ഷത്തോളം അസോസിയേഷന്റെ ആരോഗ്യകരമായ നിലനില്‍പ് ഉറപ്പാക്കിയ അഡൈ്വസറി ബോര്‍ഡിനോടുമുള്ള നന്ദിയും എല്ലാ അംഗങ്ങളും അറിയിച്ചു. പുതിയതായി അസോസിയേഷന്‍ സാരഥ്യം ഏറ്റെടുത്ത ഭരണസമിതിക്ക് മലയാളീപത്രത്തിന്റെ ആശംസകള്‍, കഴിഞ്ഞ വര്‍ഷം ക്രിയാത്മകമായ നേതൃത്വം വഹിച്ച അഡൈ്വസറി ടീമിന് അഭിവാദ്യങ്ങള്‍.