തൃശൂർ: ചാലക്കുടി കോ ഓപ്പറേറ്റീവ് ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നുവെന്ന് ആക്ഷേപം. വ്യാജരേഖ ചമച്ചും ബന്ധുക്കളുടെ പേരിൽ ഈടില്ലാതെ വായ്പയെടുത്തും 20 കോടിയിലേറെയാണ് മുന്‍പ്രസിഡന്‍റ് പി.പി പോളിന്‍റെ നേതൃത്വത്തില്‍ തട്ടിയത്. സിപിഎം ഏരിയാകമ്മിറ്റി അംഗമായ പോളിന് പാര്‍ട്ടി സംരക്ഷണമുള്ളതിനാലാണ് നടപടികൾ ഈഴയുന്നതെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.
2001ലാണ് ചാലക്കുടി അർബൻ കോപറേറ്റീവ് ബാങ്ക് പ്രവർത്തനം തുടങ്ങുന്നത്. സിഎംപി പ്രാദേശിക നേതാവും ഇപ്പോൾ സിപിഎം ചാലക്കുടി ഏരിയ കമ്മിറ്റി അംഗവുമായ പി.പി.പോളായിരുന്നു പതിമൂന്നു കൊല്ലം പ്രസിഡന്‍റായിരുന്നത്. പ്രസിഡന്റും ഭരണ സമിതിയും ചേര്‍ന്നായിരുന്നു തട്ടിപ്പിന്‍റെ ആസൂത്രണം. നൂറിലേറെ നിക്ഷേപകര്‍ക്ക് ഇനിയും നല്‍കാനുണ്ട് പത്തുകോടിയോളം രൂപ. ചിട്ടി പിടിച്ചും വരുമാനത്തിൽ നിന്ന് മിച്ചം സൂക്ഷിച്ചും ബാങ്കിനെ വിശ്വസിച്ച് ഏൽപ്പിച്ചവരുടെ ലക്ഷങ്ങളാണ് തിരികെ കിട്ടുമോ എന്നുപോലും അറിയാതെ കിടക്കുന്നത്.
സഹകരണ ഓഡിറ്റില്‍ കണ്ടെത്തിയ തട്ടിപ്പുകള്‍ ഇങ്ങനെയാണ്. ഈടില്ലാതേയും ഇല്ലാത്ത സ്ഥാപനത്തിന്‍റെ പേരിലും ഭരണസമിതി അംഗങ്ങളും ബന്ധുക്കളും വായ്പ വാങ്ങി. പി.പി.പോളിന്‍റെ ഭാര്യ ബൈജി പോളിന്‍റെ പേരിൽ ഈടില്ലാതെ ഒന്നരകോടി രൂപ വായ്പ എടുത്തു. പിപി പോൾ തന്നെ പ്രസിഡന്‍റായ ചാലക്കുടി ബ്ലോക്ക് മാർക്കറ്റിംഗ് സഹകരണ സംഘത്തിന് സ്വന്തം ജാമ്യത്തിൽ വായ്പ നൽകിയത് ഏഴ് ലക്ഷം രൂപയായിരുന്നു. പോളി പുല്ലൻ എന്ന പേരിൽ പി.പി.പോൾ ഒന്നരക്കോടിയ്ക്ക് ഓവര്‍ ഡ്രാഫ്റ്റും തരപ്പെടുത്തി. പോൾ മാത്രമല്ല ബാങ്കിലെ പ്രധാനികളെല്ലാം തങ്ങളാലാവും വിധം തട്ടിപ്പ് നടത്തിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തല്‍. ബാങ്ക് എംഡി ആയിരുന്ന വി.എ.വർഗീസ് സ്വന്തം അക്കൗണ്ടിൽ നിന്ന് ഒഡി എടുത്തത് ഒന്നര കോടി രൂപ.
പോളിനെ പ്രതിചേർത്ത് പൊലീസ് കെസെടുത്തെങ്കിലും നഷ്ടപ്പെട്ട പണം തിരികെപ്പിടിക്കാന്‍ എടുത്ത നടപടികൾ പര്യാപ്തമല്ല എന്നാണ് ആരോപണം. കേസ് ഇപ്പോൾ കോടതിയുടെ പരിഗണയിൽ ആണ്. ഇപ്പോഴത്തെ ഭരണ സമിതി പക്ഷെ ഇക്കാര്യത്തിലൊന്നും പ്രതികരിക്കാനില്ലെന്നാണ് പറയുന്നത്. പരമാവധി പേർക്ക് പണം തിരികെ നൽകിയെന്നാണ് പോളിന് പറയാനുള്ളത്
കോടികൾ തട്ടിയവർ ഇപ്പോഴും സുരക്ഷിതരായി ജീവിക്കുമ്പോൾ പെരുവഴിയിലായത് ബാങ്കിനെ വിശ്വസിച്ച് ജീവിത സമ്പാദ്യം നിക്ഷേപിച്ചവർ ആണ്.