തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷ വിമർശനം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സാമ്രാജ്യത്വ അധിനിവേശങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഇന്ത്യയുടെ പരമാധികാരം പണയം വെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ പരമാധികാരം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കാൽക്കീഴീൽ വച്ചോ എന്ന ചോദ്യവും പിണറായി ഉയർത്തി. ഇറാന്റെ മേൽ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയപ്പോൾ ഒരക്ഷരം പോലും മിണ്ടാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യ തരംതാഴ്ന്നുവെന്നും, ലോകത്തിന് മുന്നിൽ രാജ്യം അപമാനിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തങ്ങൾക്ക് കീഴടങ്ങാത്ത രാജ്യങ്ങളെ തകർക്കുക എന്ന വന്യമൃഗ നീതിയാണ് അമേരിക്ക നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് എൽ ഡി എഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു പിണറായിയുടെ വിമർശനം































