തിരുവനന്തപുരം: രാജ്യംകണ്ട എക്കാലത്തെയും ബഹുമുഖ പ്രതിഭയുടെ പിറന്നാളാണ് ഇന്ന്. ലോകം കേൾക്കുകയും വായിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ അഭിമാനമായ ശശി തരൂരിന്റെ എഴുപതാം ജന്മദിനം. പാലക്കാട്ടെ കുടുംബവേരുകളിൽ നിന്ന്, ഐക്യരാഷ്ട്ര സഭയുടെ വലിയ ആകാശംവരെ വളർന്ന തരൂരിന്, നേരുന്നു പിറന്നാൾ ആശംസകൾ….
കേരള രാഷ്ട്രീയത്തിലെ കേവല മാപിനികള്‍കൊണ്ട് അളന്ന് തിട്ടപ്പെടുത്താനാകാത്ത മഹാപ്രതിഭ. പാര്‍ട്ടിച്ചട്ടക്കൂടുകളുടെ പുറത്ത് പൊന്നുകായ്ക്കുന്ന മരംപോലെ ചാഞ്ഞുവളര്‍ന്ന രാഷ്ട്രീയക്കാരന്‍. വായനകൊണ്ട് വളര്‍ന്ന കുട്ടിക്കാലവും എഴുത്താലുറച്ച ചുവടുവെപ്പുകളും പഠനം ആണിക്കല്ല് പാകിയ നയതന്ത്രചാരുതയും പാണ്ഡിത്യം വിശാലമാക്കിയ ആത്മവിശ്വാസവും…ലോകം കണ്ട് നാട്ടില്‍ തിരിച്ചെത്തിയ വിശ്വപൗരന് പ്രായം എഴുപതെന്നത് അനുഭവങ്ങള്‍ പകരുന്ന അലങ്കാരം മാത്രം…
1956 ല്‍ ലണ്ടനില്‍ ജനനം. മുംബെയിലും കൊല്‍ക്കത്തയിലും സ്കൂള്‍ വിദ്യാഭ്യാസം. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളെ കണ്ണിചേര്‍ത്ത യൗവ്വനം. അമേരിക്കയിലെ ടഫ്റ്റ്സ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുമ്പോള്‍ പ്രായം 22. രാഷ്ട്രീയ പഠന ഗ്രന്ഥം ആദ്യ പുസ്തകമാകുമ്പോള്‍ പ്രായം 25. ഐക്യരാഷ്ട്ര സഭയില്‍ ഉന്നതപദവികളിലിരുന്നത് 29 വര്‍ഷം. രാഷ്ട്രതന്ത്രങ്ങളുടെ നയശാലിയായിരുന്നപ്പോളും സര്‍ഗാത്മക സാഹിത്യത്തിലേക്കും സംഭാവനകൾ.. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ മുതല്‍ ‘ദി ലൈഫ്, ലെസന്‍സ് ആന്‍റ് ലെഗസി ഓഫ് ശ്രീനാരായണഗുരു’ വരെ എണ്ണംപറഞ്ഞ പുസ്തകങ്ങള്‍. കടലുകടന്നും വായനക്കാർ.































