ഇന്ത്യയുടെ തനത് സംസ്‌കാരവും കലയും ലോകത്തിന് മുന്‍പില്‍ എന്നും ഒരു വിസ്മയമാണ്. വസ്ത്രങ്ങള്‍ മുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വരെ നമ്മള്‍ ലോകവുമായി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സാംസ്‌കാരിക വിനിമയവും ചൂഷണവും രണ്ടും രണ്ടാണ്. ഇന്ത്യന്‍ തനിമയെ യാതൊരു കടപ്പാടുമില്ലാതെ ആഗോള ഫാഷന്‍ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചൂടേറിയ ചര്‍ച്ച.
ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഫെന്‍ഡി പുറത്തിറക്കിയ പുതിയ ബാഗാണ് ഇപ്പോള്‍ വിവാദ കേന്ദ്രം. 475 കണ്ണാടിക്കഷണങ്ങളും 39,500 മുത്തുകളും ഉപയോഗിച്ച് 138 മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച ഈ ബാഗ് കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളില്‍ കാണുന്ന സാധാരണ ബാഗാണെന്നേ തോന്നൂ. ഇന്ത്യയില്‍ വെറും 500 രൂപയ്ക്ക് ലഭിക്കുന്ന ഈ മോഡല്‍ ബാഗ് ഓണ്‍ലൈനില്‍ ഫെന്‍ഡി വില്‍ക്കുന്നത് ഏകദേശം 10,000 ഡോളറിനാണ്. ഇന്ത്യൻ രൂപയിൽ ഏകദേശം 9.5 ലക്ഷം വില വരും.
വില കേട്ട് ഞെട്ടിയവര്‍ ഇതിന്റെ പേര് കേട്ടാല്‍ ഒന്നുകൂടി അമ്പരക്കും. ‘ബാഗെറ്റ് 26424: മള്‍ട്ടികളര്‍ റീ എഡിഷന്‍ ബാഗ് വിത്ത് എംബ്രോയിഡറി ആന്‍ഡ് മിറേഴ്‌സ്’ എന്നാണ് വെബ്‌സൈറ്റില്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്. ഒറ്റ നോട്ടത്തില്‍ ഇന്ത്യന്‍ ഡിസൈന്‍ ആണെന്ന് വ്യക്തമാണെങ്കിലും, ബ്രാന്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇന്ത്യയെക്കുറിച്ചോ ഗുജറാത്തിനെക്കുറിച്ചോ നവരാത്രിയെക്കുറിച്ചോ യാതൊരു പരാമര്‍ശവുമില്ല.
സൈബര്‍ ലോകത്ത് കടുത്ത വിമര്‍ശനം
സംഭവം വൈറലായതോടെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബ്രാന്‍ഡിനെതിരെ രംഗത്തെത്തിയത്. ഇന്ത്യന്‍ കരകൗശലവിദ്യകളെ ആഗോള ബ്രാന്‍ഡുകള്‍ ‘കോളനിവല്‍ക്കരിക്കുകയാണെന്ന്’ ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക എക്‌സില്‍ കുറിച്ചു. ‘പ്രാഡയുടെ കോലാപ്പൂരി ചെരുപ്പ് വിവാദത്തിന് ശേഷം ഇതാ ഫെന്‍ഡിയുടെ ‘നവരാത്രി’ ബാഗ്. ഗുജറാത്തിലെ തെരുവുകളില്‍ 500 രൂപയ്ക്ക് കിട്ടുന്ന ഡിസൈനിന് 8.3 ലക്ഷം രൂപ ഈടാക്കുന്നു. ഇന്ത്യന്‍ കരകൗശലത്തൊഴിലാളികള്‍ക്ക് യാതൊരു ക്രെഡിറ്റും നല്‍കുന്നുമില്ല. ആഡംബര ബ്രാന്‍ഡുകള്‍ എന്ന് ഈ ചൂഷണം അവസാനിപ്പിക്കും?’ അദ്ദേഹം ചോദിക്കുന്നു.
ഇതാദ്യമായല്ല ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഡിസൈനുകള്‍ കടമെടുക്കുന്നത്. 2025-ല്‍ മഹാരാഷ്ട്രയുടെ തനതായ കോലാപ്പൂരി ചെരുപ്പുകളോട് സാമ്യമുള്ള പാദരക്ഷകള്‍ പുറത്തിറക്കിയ പ്രമുഖ ബ്രാന്‍ഡായ പ്രാഡ വലിയ വിമര്‍ശനം നേരിട്ടിരുന്നു. അതുപോലെ തന്നെ ദക്ഷിണേന്ത്യന്‍ ദുപ്പട്ടയെ ഒരു സ്‌കാന്‍ഡിനേവിയന്‍ ബ്രാന്‍ഡ് ‘സ്‌കാന്‍ഡിനേവിയന്‍ സ്‌കാര്‍ഫ്’ എന്ന പേരില്‍ അവതരിപ്പിച്ചതും വിവാദമായിരുന്നു. അടുത്തിടെ 2026-ലെ പാരീസ് ഫാഷന്‍ വീക്കില്‍ റാല്‍ഫ് ലോറന്‍ അവരുടെ മോഡലുകളെ അണിയിച്ചത് ഇന്ത്യന്‍ പരമ്പരാഗത ആഭരണമായ ‘ജിമിക്കി’ ആയിരുന്നു. ഇതിലും ഇന്ത്യക്ക് യാതൊരു ക്രെഡിറ്റും നല്‍കിയിരുന്നില്ല.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത്? ഫെന്‍ഡിയുടെ ബാഗ് മേഡ് ഇന്‍ ഇന്ത്യ!
എന്നാല്‍ ഫെന്‍ഡിക്കെതിരെയുള്ള ഈ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ശരിയാണോ എന്ന് ചോദിച്ചാല്‍, അല്ല എന്ന് പറയേണ്ടി വരും. മരിയ ഗ്രാസിയ ചിയുരിയുടെ നേതൃത്വത്തിലുള്ള ഫെന്‍ഡിയുടെ പുതിയ കളക്ഷനിലെ ഈ ബാഗിന് ഇന്ത്യയുമായി വലിയൊരു ബന്ധമുണ്ട്. മുംബൈയിലെ പ്രശസ്തമായ ‘ചാണക്യ’ എന്ന വര്‍ക്ക്‌ഷോപ്പില്‍ പൂര്‍ണ്ണമായും കൈകൊണ്ടാണ് ഈ ബാഗ് നിര്‍മ്മിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി യൂറോപ്യന്‍ ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ചാണക്യ. കണ്ണാടിപ്പണികളും എംബ്രോയിഡറിയും ഉള്‍പ്പെടെ പാരമ്പര്യമായി കൈമാറിവന്ന വിദ്യകള്‍ ഉപയോഗിച്ചാണ് ഇവിടുത്തെ തൊഴിലാളികള്‍ ഇത് നിര്‍മ്മിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന ‘ചാണക്യ സ്‌കൂള്‍ ഓഫ് ക്രാഫ്റ്റും’ ഇവര്‍ നടത്തുന്നുണ്ട്. ഡിയോര്‍, പ്രാഡ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളും ചാണക്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ട്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൃത്യമായ പ്രതിഫലം നല്‍കി, വ്യക്തമായ പങ്കാളിത്തത്തോടെയാണ് ഫെന്‍ഡി ഈ ബാഗുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
എവിടെയാണ് പ്രശ്‌നം?
തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ചെങ്കിലും, പ്രശ്‌നം കിടക്കുന്നത് ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗിലാണ്. ഫെന്‍ഡിയുടെ വെബ്‌സൈറ്റില്‍ ഈ ബാഗിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചോ, ഈ നിറങ്ങള്‍ക്കും കണ്ണാടിപ്പണികള്‍ക്കും പ്രചോദനമായ ഇന്ത്യയെക്കുറിച്ചോ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. വര്‍ഷങ്ങളായി തങ്ങളുമായി സഹകരിക്കുന്ന ചാണക്യ വര്‍ക്ക്‌ഷോപ്പിന് പോലും യാതൊരു ക്രെഡിറ്റും നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.




























