മാൾട്ടയെ വൻതോതിലുള്ള പാർട്ടി ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 14 റെസിഡന്റ്സ് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. യുവാക്കളെ ആകർഷിക്കുന്ന വൻ സംഗീത-വിനോദ പരിപാടികളുമായി ബന്ധപ്പെട്ട് അക്രമവും അച്ചടക്കമില്ലാത്ത പെരുമാറ്റവും വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് സംഘടനകൾ രംഗത്തെത്തിയത്.Ta’ Qali, St Julian’s എന്നിവിടങ്ങളിലെ പാർട്ടികൾക്ക് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളുടെയും നിയന്ത്രണം വിട്ട പെരുമാറ്റങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് സംഘടനകളുടെ പ്രതികരണം. ഇത്തരം സംഭവങ്ങൾ മാൾട്ടയുടെ പ്രതിച്ഛായയെയും പ്രദേശവാസികളുടെ സുരക്ഷയെയും ബാധിക്കുന്നതായി അവർ ആരോപിച്ചു.
പാർട്ടി പരിപാടികളിലൂടെ വലിയ തോതിൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രധാന നേട്ടം പരിപാടി വ്യവസായവുമായി ബന്ധപ്പെട്ടവർക്ക് മാത്രമാണെന്നാണ് സംഘടനകളുടെ വാദം. അതേസമയം, ഇത്തരം പരിപാടികൾക്ക് നികുതിദായകരുടെ പണം ഉപയോഗിച്ച് വലിയ സബ്സിഡികൾ നൽകുന്നതായും അവർ ആരോപിച്ചു. വൻതോതിലുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും നിയമനിർവഹണ സംവിധാനങ്ങളും ഒരുക്കിയിട്ടില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
പൊതു ഇടങ്ങളിലെ മോശം പെരുമാറ്റം, മോഷണം, സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അക്രമങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. പാർട്ടി സംഘാടകരിൽ നിന്നും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Attard, Cottonera, Bahrija, Balzan, Marsascala, Marsaxlokk, Mellieħa, Msida, Rabat, Valletta, St Paul’s Bay, Sliema, Swieqi, Ta’ Xbiex എന്നിവിടങ്ങളിലെ റെസിഡന്റ്സ് സംഘടനകളാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്. മാൾട്ടയുടെ പ്രതിച്ഛായയും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.


























