മാൾട്ട: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നിയമപരമായ മിനിമം വേതനത്തിന്റെ റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി. 22 രാജ്യങ്ങളെ ഉൾപ്പെടുത്തി Eurofound നടത്തിയ ഏറ്റവും പുതിയ വിലയിരുത്തലിൽ മാൾട്ട 15-ാം സ്ഥാനത്തേക്ക് താഴ്ന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മധ്യ-കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ മിനിമം വേതനത്തിൽ ഉണ്ടായ വേഗത്തിലുള്ള വർധനയാണ് മാൾട്ടയുടെ റാങ്ക് പിന്നോട്ടുപോകാനുള്ള പ്രധാന കാരണം. 2016ലും 2021ലും എട്ടാം സ്ഥാനത്തായിരുന്ന മാൾട്ടയാണ് ഇപ്പോൾ 15-ാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
2016ന് ശേഷം സ്ലോവേനിയ, ലിത്വാനിയ, പോളണ്ട്, സൈപ്രസ്, പോർച്ചുഗൽ, ക്രൊയേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങൾ മിനിമം വേതനത്തിന്റെ കാര്യത്തിൽ മാൾട്ടയെ മറികടന്നു.ഇക്കൂട്ടത്തിൽ ലിത്വാനിയയാണ് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. 2016ൽ 20-ാം സ്ഥാനത്തായിരുന്ന ലിത്വാനിയ 2026ൽ ഒമ്പതാം സ്ഥാനത്തെത്തി. പോളണ്ട് 13-ാം സ്ഥാനത്തുനിന്ന് പത്താം സ്ഥാനത്തേക്കും ഉയർന്നു.അതേസമയം, എസ്റ്റോണിയ, ചെക്കിയ, സ്ലോവാക്യ, ഹംഗറി, റൊമാനിയ, ലാത്വിയ, ബൾഗേറിയ എന്നീ ഏഴ് EU രാജ്യങ്ങളേക്കാൾ മാൾട്ട ഇപ്പോഴും മുന്നിലാണ്.
മാൾട്ടയിലെ മിനിമം വേതനം എത്ര?
2026ൽ മാൾട്ടയിലെ ദേശീയ നിയമപരമായ മിനിമം വേതനം ആഴ്ചയിൽ €229.44 ആണ്. Cost-of-Living Adjustment (COLA) ഉൾപ്പെടെ പ്രതിമാസ ഗ്രോസ് വേതനം ഏകദേശം €994 വരും.എന്നാൽ ഗ്രോസ് മിനിമം വേതനം മാത്രം അടിസ്ഥാനമാക്കിയാണ് Eurofound റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. ആദായനികുതി, സാമൂഹിക സുരക്ഷാ വിഹിതം, സർക്കാർ ആനുകൂല്യങ്ങൾ, ജീവിതച്ചെലവ് തുടങ്ങിയ ഘടകങ്ങൾ റാങ്കിങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല.
മാൾട്ടയിൽ ആദ്യ €12,700 വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി ബാധകമല്ല. മിനിമം വേതനം ലഭിക്കുന്നവർക്ക് പ്രധാനമായും National Insurance സംഭാവനയാണ് നൽകേണ്ടത്.
ഇതിന് പുറമെ ഊർജ-ഇന്ധന സബ്സിഡികൾ, സൗജന്യ ആരോഗ്യപരിചരണം, കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള വിവിധ തൊഴിൽ ആനുകൂല്യങ്ങൾ തുടങ്ങിയ സർക്കാർ പിന്തുണകളും ലഭ്യമാണ്.
അതിനാൽ, മിനിമം വേതനത്തിന്റെ ഗ്രോസ് തുക മാത്രം നോക്കുമ്പോൾ മാൾട്ടയുടെ EU റാങ്കിങ് താഴ്ന്നിട്ടുണ്ടെങ്കിലും, നികുതി, ജീവിതച്ചെലവ്, സർക്കാർ ആനുകൂല്യങ്ങൾ എന്നിവ കൂടി കണക്കിലെടുത്താൽ കുറഞ്ഞ വരുമാനക്കാരുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യത്യസ്തമായിരിക്കാമെന്നാണ് വിലയിരുത്തൽ.




























