കോഴിക്കോട്: പ്രിസം പദ്ധതിയിലൂടെ കേരളമാകെ ശ്രദ്ധപിടിച്ചുപറ്റിയ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനാധ്യാപകര്‍ തമ്മില്‍ അഭ്യന്തര കലഹം. ഹയർ സെക്കന്‍ഡറിയിലെയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെയും പ്രധാനാധ്യാപകര്‍ തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പോലീസ് കേസ് വരെ എത്തിനില്‍ക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 20ന് സ്‌കൂളില്‍ നടന്ന ഒരു യോഗവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ അവധിയായതിനാല്‍ മുതിര്‍ന്ന അധ്യാപകനായിരുന്നു പ്രിന്‍സിപ്പാളിന്റെ അധിക ചുമതല നല്‍കിയിരുന്നത്. ഒരു യോഗ വിവരം ഇദ്ദേഹത്തെ അറിയിച്ചതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പിന്നീട് രണ്ട് വിഭാഗത്തിലെയും അധ്യാപകര്‍ തമ്മിലുള്ള കലഹത്തിലേക്ക് വഴിമാറുകയായിരുന്നു.
വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഹയര്‍സെക്കന്‍ഡറിയിലെ ഒരധ്യാപികയും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് വി.എച്ച്.എസ്.ഇയിലെ അധ്യാപികയും പോലീസില്‍ പരാതി നല്‍കി. 364(എ), 509 വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.