ലോസാഞ്ചലസ്: ശരീര ഭാരം കുറയ്ക്കാനുള്ള ഡയറ്റിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ചിയ സീഡുകളിൽ വലിയ രീതിയിൽ സാൽമൊണല്ല സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഉത്പന്നം തിരികെ വിളിച്ച് പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖല. ലോകത്തുണ്ടാവുന്ന ഭക്ഷ്യ വിഷബാധകളിൽ 80 ലേറെ ശതമാനത്തിനും കാരണക്കാരനായ ബാക്ടീരിയ സാന്നിധ്യമാണ് വിൽപനയ്ക്കെത്തിച്ച ചിയ സീഡുകളിൽ കണ്ടെത്തിയത്. അമേരിക്കയിലെ ലോസാഞ്ചലസിൽ നിന്നുള്ള വിതരണക്കാരനിൽ നിന്ന് എത്തിച്ച ചിയ സീഡുകളാണ് തിരികെ വിളിച്ചിട്ടുള്ളത്.
ഗ്രേറ്റ് വാല്യൂ ഓർഗാനിക് ബ്ലാക് ചിയ സീഡ്സിന്റെ ഒരു കിലോ പാക്കറ്റാണ് തിരികെ വിളിച്ചിട്ടുള്ളത്. 2026 ഒക്ടോബർ 30ന് എക്സ്പെയറി ആവുന്ന ഉൽപ്പന്നമാണ് തിരികെ വിളിച്ചിരിക്കുന്നത്. 1993ലാണ് വാൾമാർട്ട് ഗ്രേറ്റ് വാല്യൂ ബ്രാൻഡ് ആരംഭിച്ചത്. വിലക്കുറവായിരുന്നു ഈ ബ്രാൻഡിന്റെ ഹൈലൈറ്റ്. രാജ്യ വ്യാപകമായാണ് ഈ ഉൽപ്പന്നം തിരികെ വിളിച്ചിട്ടുള്ളത്.
സാൽമണൊല്ല ബാക്ടീരിയ അണുബാധയുള്ള ചിയ സീഡുകൾ കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തിൽ എത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവുകയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. അണുബാധ ജീവഹാനിക്ക് വരെ കാരണമാകുന്നതാണെന്നും മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നുണ്ട്.
മെയ് ആദ്യവാരത്തിൽ വാൾമാർട്ടിലൂടെ വിൽപന ചെയ്ത എട്ട് ടൺ ബീഫ് തിരിച്ചെടുത്തിരുന്നു. ഇറച്ചിയിൽ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. പെൻസിൽവാനിയയിലെ വാൾമാർട്ടിലൂടെ വിതരണം ചെയ്ത 8 ടൺ ഗ്രൌണ്ട് ബീഫാണ് തിരികെ എടുത്തത്. കാർഗിൽ മീറ്റ് സൊല്യൂഷ്യൻസ് എന്ന സ്ഥാപനത്തിൽ നിന്ന് വാൾമാർട്ടിന്റെ വിവിധ ശൃംഖലയിലേക്ക് വിതരണം ചെയ്ത ഇറച്ചിയിലാണ് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ബാക്ടീരിയയായ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയത്.