ഓഷ്യാനയിൽ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ അത്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ടിനെ വിശുദ്ധനാക്കാനുള്ള നടപടിക്രമങ്ങളുടെ അന്തിമ ഘട്ടത്തിലേക്ക് വത്തിക്കാൻ കടക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് അദ്ദേഹം ഒപ്പുവച്ച ഡിക്രിയിലൂടെ പീറ്റർ തൊ റോട്ടിന്റെ വിശുദ്ധ പദവി പ്രഖ്യാപനം ഉടൻ തന്നെ നടക്കുമെന്നാണ് സൂചന. വിശുദ്ധ പദവി പ്രഖ്യാപന തീയതി നാളെ അറിയാൻ സാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ ഇതിനായുള്ള തീയതി സ്ഥിരീകരിക്കുന്നതിനായി കർദിനാൾ സർ ജോൺ റിബറ്റ് ഉൾപ്പെടെയുള്ള കർദിനാൾമാർ റോമിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
പാപ്പുവ ന്യൂ ഗിനിയിലെ 2.5 ദശലക്ഷം കത്തോലിക്കർക്ക് ഇത് ഒരു ചരിത്ര നിമിഷമാണ്. രാജ്യത്ത് വർധിച്ചു വരുന്ന അക്രമങ്ങൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം തുടങ്ങിയ വെല്ലുവിളികൾക്കിടയിൽ വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ടിന്റെ ജീവിതം ഒരു പ്രചോദനമാണെന്ന് റാബൌൾ അതിരൂപതയുടെ ആർച്ച് ബിഷപ് റോക്കൂസ് തത്താമൈ എം. എസ്. സി അഭിപ്രായപ്പെട്ടു. ഒക്ടോബർ 17 മുതൽ 19 വരെയുള്ള തീയതികളാണ് വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പരിഗണിക്കുന്നയിട്ടാണ് റിപ്പോർട്ടുകൾ.
1912 ൽ റകുണൈ ഗ്രാമത്തിൽ ജനിച്ച പീറ്റർ തൊ റോട്ട്, രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പാപ്പുവ ന്യൂ ഗിനിയെ ആക്രമിച്ചപ്പോൾ വിശ്വാസികളെ ധൈര്യപ്പെടുത്തി. പുരോഹിതർ തടവിലാക്കപ്പെട്ടപ്പോൾ ഇടവകയുടെ ആത്മീയ കാര്യങ്ങൾ അദ്ദേഹം ഏറ്റെടുത്തു. ബഹുഭാര്യത്വം നിയമപരമാക്കാനുള്ള ജാപ്പാൻ ഭരണകൂടത്തിന്റെ ശ്രമങ്ങളെ എതിർത്തതിനെ തുടർന്ന് അദ്ദേഹത്തെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. 1945 ൽ തടവിൽ വച്ച് അദ്ദേഹത്തിന് മരണം സംഭവിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നുള്ള മാർ സിബി മാത്യു പീടികയിലിന്റെ നേതൃത്വത്തിൽ പാപ്പുവ ന്യൂ ഗിനിയിൽ ഇന്ന് നാല് അതിരൂപതകളും 19 രൂപതകളുമുണ്ട്. രാജ്യത്തെ ഒരു കോടി ആറ് ലക്ഷം ജനസംഖ്യയിൽ 27% കത്തോലിക്കരാണ്. ജാപ്പനീസ് പൊലീസിന്റെ സാന്നിധ്യം അവഗണിച്ച് വലിയ ജനക്കൂട്ടം പീറ്റർ തൊ റോട്ടിനെ രക്തസാക്ഷിയായി കണക്കാക്കി സംസ്കരിച്ചത് അദ്ദേഹത്തോടുള്ള ആദരവ് വ്യക്തമാക്കുന്നു.