തൃശ്ശൂര്‍: ഫേസ്‌ബുക്കിൽ അപകീർത്തിപരമായ പോസ്റ്റിട്ടയാൾക്കെതിരെ കോടതി വിധി. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. തൃശ്ശൂർ സ്വദേശിയും സൈക്കോളജിസ്റ്റുമായ എംകെ പ്രസാദ് നൽകിയ പരാതിയിലാണ് തൃശ്ശൂർ അഡീഷണൽ സബ് കോടതിയുടെ വിധി. പ്രസാദിനെ ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ കോട്ടയം സ്വദേശി ഷെറിൻ വി ജോർജിനോടാണ് നഷ്ടപരിഹാരം നൽകാൻ കോടതി ആവശ്യപ്പെട്ടത്. 2017 ഏപ്രിൽ 26-നാണ് ഷെറിൻ പരാതിക്കാരനായ പ്രസാദിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. ഇത് തനിക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നും, നിരവധി കക്ഷികളെ നഷ്ടപ്പെട്ടെന്നും പ്രസാദ് കോടതിയിൽ വാദിച്ചു. കക്ഷികളെ നഷ്ടമായത് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 10 ലക്ഷം രൂപയും, 2017 മുതൽ 6ശതമാനം പലിശയും, കോടതി ചിലവും നൽകാനാണ് ഉത്തരവ്.