ദില്ലി: മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി സംഘർഷാവസ്ഥ തുടരുന്നു. കർഷകർക്കു നേരെയുള്ള വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്. അതിർത്തിയിൽ കർഷകർക്ക് നേരെയായിരുന്നു അക്രമം. സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വിവിധയിടങ്ങളിൽ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് സൂചന.