തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 9 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ( Cyclonic Circulation ) ന്യുന മർദ്ദമായി ( Low Pressure Area ) മാറും. ശേഷം ചൊവ്വാഴ്ച തീവ്ര ന്യുന മർദ്ദമായും ( Depression ) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ( cyclonic storm ) ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.