മോസ്കോ: മോസ്കോയില്‍ റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസടക്കം സ്ഥിതി ചെയ്യുന്ന ക്രെംലിന് മുകളില്‍ രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ട സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് യു.എസ് ആണെന്ന് റഷ്യ.
ആക്രമണത്തിന് പിന്നില്‍ യുക്രെയിനാണെന്നും പുട്ടിന് നേരെയുണ്ടായ വധശ്രമമായിരുന്നെന്നും റഷ്യ ആരോപിച്ചിരുന്നു. എന്നാല്‍, ഇത്തരം ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം യു.എസ് ആണെന്നും യുക്രെയിന്‍ അവര്‍ പറയുന്നത് പോലെ ചെയ്യുക മാത്രമാണെന്നും ക്രെംലിന്‍ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു. റഷ്യയുടെ ആരോപണം തെറ്റാണെന്ന് വൈറ്റ്‌ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുക്രെയിനാണോ ഡ്രോണുകള്‍ക്ക് പിന്നില്‍ എന്ന ചോദ്യത്തിന് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും സംഭവിച്ചതെന്താണെന്ന് ശരിക്കും വ്യക്തമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡ്രോണ്‍ ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി ആവര്‍ത്തിച്ചു. അതേ സമയം, തെക്കന്‍ യുക്രെയിനിലെ ഖേഴ്സണില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ജനവാസകേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. 46 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ സെപൊറീഷ്യ, ഒഡേസ നഗരങ്ങളില്‍ വ്യാപക ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.