പാലക്കാട്: പാലക്കാട് കൊഴിഞ്ഞമ്പാറയിൽ നാല് വയസ്സുകാരനെ ബന്ധുവായ യുവതി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ റിത്വിക്കിനെയാണ് മധുസൂദനന്റെ സഹോദരന്റെ ഭാര്യയായ ദീപ്തി ദാസ് കൊലപ്പെടുത്തിയത്. സംഭവശേഷം ദീപ്തി ആത്മഹത്യക്ക് ശ്രമിച്ചു. ദീപ്തിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണസംഭവമുണ്ടായത്.
മധുസൂദനന്റെ അമ്മ പത്മാവതി പനിയെ തുടർന്നു കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ അടുത്തേക്ക് പോകാനാണ് ആതിര മകൻ റിത്വിക്കിനെ ദീപ്തിയുടെ അടുത്താക്കിയത്. ദീപ്തിക്ക് അഞ്ച് വയസ്സുള്ള മകളുണ്ട്. ആതിരയും മധുസൂദനനും പിതാവ് രവിയും ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തി വാതിലിൽ തട്ടിയെങ്കിലും ആരും തുറന്നില്ല. ഒടുവിൽ ദീപ്തിയുടെ അഞ്ച് വയസ്സുകാരി മകളാണ് വാതിൽ തുറന്ന് കൊടുത്തത്.
വീട്ടിൽക്കയറിയപ്പോൾ റിത്വിക്കിനെ അനക്കമില്ലാത്ത നിലയിലും യുവതിയെ രക്തം വാർന്ന് അബോധാവസ്ഥയിലും കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റിത്വിക്ക് മരിച്ചിരുന്നു. റിത്വിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. കരുവപ്പാറ സെയ്‌ൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ കെ.ജി. വിദ്യാർഥിയാണ് റിത്വിക്.
അഞ്ച് വര്‍ഷം മുമ്പ് ദീപ്തിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് കൈയില്‍ സ്വയം മുറിവ് വരുത്തിയിരുന്നു. എന്നാല്‍, സമീപ കാലത്തൊന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ നില ഗുരുതരമാണ്.