ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ വിജയിയുടെ കരൂർ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ച സംഭവത്തിൽ ഹൃദയഭേദക പ്രതികരണവുമായി 22-കാരിയുടെ കുടുംബം. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച പണം വേണ്ടെന്ന് പറഞ്ഞ സഹോദരി, ‘എനിക്ക് എൻ്റെ സഹോദരിയുടെ ജീവനാണ് തിരികെ വേണ്ടത്, അത് തരാൻ അവർക്ക് കഴിയുമോ?’ എന്ന് ചോദിച്ചു. രണ്ട് വയസ്സുള്ള മകനെ സഹോദരിയെ ഏൽപ്പിച്ച് റാലിക്ക് പോയ ബ്രിന്ദ (22) ആണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ വിജയ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മതിയായ ക്രമീകരണങ്ങൾ ഇല്ലാതെ പൊതുയോഗം നടത്തുന്നതിനെതിരെ രൂക്ഷവിമർശനമാണ് ബ്രിന്ദയുടെ കുടുംബം ഉയർത്തിയത്. ‘നിങ്ങൾ ഒരു മീറ്റിംഗ് സംഘടിപ്പിക്കുമ്പോൾ, അവിടെ മതിയായ സ്ഥലമുണ്ടെന്ന് ഉറപ്പാക്കണം, ആളുകൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. വെറുതെ നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് ഒന്നും ശരിയാകില്ല. എനിക്ക് പണം വേണ്ട, എൻ്റെ സഹോദരിയുടെ ജീവനാണ് തിരികെ വേണ്ടത്,” ബ്രിന്ദയുടെ സഹോദരി പറഞ്ഞു.