തലവടി : ആനപ്രമ്പാൽ വടക്ക് കൊമ്പിത്ര ലേക്ക് വ്യൂ വീട്ടിൽ ലിജു കെ. ഫിലിപ്പിന്റെയും, ജെൻസി ലിജുവിന്റെയും മകൾ ഡാഫിനി ലിജു ഫിലിപ്പിന് (ഡോറ മോൾ -11) തലവടി ഗ്രാമം യാത്രാമൊഴി ചൊല്ലി.
ചികിത്സയിലിരിക്കെ ജൂൺ 4ന് ദുബായിൽ വെച്ച് മരണപ്പെട്ട ഡോറയുടെ മൃതദേഹം ജൂൺ 7ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും എടത്വയിൽ എത്തിച്ചു. ഞായറാഴ്ച രാവിലെ 9 മുതൽ പൊതുദർശനത്തിന് വച്ചപ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഡോറാമോളെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കുവാനും ആയിരക്കണക്കിന് ജനങ്ങൾ എത്തി. വള്ളംകളിയോട് ഏറെ ആവേശം കാണിച്ച ഡോറാ മോൾക്ക് ബാഷ്പാഞ്ജലി അർപ്പിക്കുവാൻ ജലോത്സവ ലോകവും തലവടി ചുണ്ടൻ വള്ളം സമിതിയും ,ടോഫാ ഭാരവാഹികളും എത്തിയിരുന്നു. തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമയാണ് ഡോറാ മോളുടെ പിതാവ് ലിജു. കൂടാതെ കൊമ്പിത്ര കുടുംബത്തിലെ പല അംഗങ്ങളും തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമകളാണ്.
1.30ന് ആരംഭിച്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക വികാരി റവ. ജോസഫ് കെ.ജോർജ് നേതൃത്വം നല്കി. വിവിധ സഭകളിലെ വൈദീകരും ക്രൈസ്തവ സംഘടന ഭാരവാഹികളും പങ്കെടുത്തു. വിലാപ യാത്രയായി ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ മൃതദേഹം എത്തിച്ചപ്പോൾ പള്ളിയും പരിസരവും ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം – കൊച്ചി ഭദ്രാസനധിപൻ റൈറ്റ് റവ തോമസ് മാർ തിമൊഥെയോസ് എപ്പിസ്ക്കോപ്പ സംസ്ക്കാര ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക , സാമുദായിക സംഘടന രംഗത്തെ നിരവധി പ്രമുഖർ ഭവനത്തിലും പള്ളിയിലും എത്തി അനുശോചനം അറിയിച്ചു.
മൃതദേഹം സെമിത്തേരിയിലേക്ക് എടുത്തപ്പോൾ ദുഖം അടക്കാനാവാതെ നിലവിളിച്ച ഡോറയുടെ മാതാപിതാക്കളെയും സഹോദരൻ ഡെറിക്ക് ലിജുവിനെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ തടിച്ചു കൂടിയവർ ശ്രമിച്ചെങ്കിലും കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീർ ഏവരുടെയും കാഴ്ച അല്പസമയത്തേക്ക് മറച്ചു ;നാടിന്റെ തീരാ നോവായി ഡോറാ മോൾ ഇനി ഇമ്പങ്ങളുടെ പറുദീസയിൽ…