ഓസ്‌ട്രേലിയയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ശരാശരി കുടുംബത്തിൻ്റെ പലചരക്ക് സാധനങ്ങളുടെ ബില്ലിൽ 11 ശതമാനം വർദ്ധനവുണ്ടായതായി പുതിയ റിപ്പോർട്ട്.
അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണിത്.
Canstar Blue എന്ന കൺസ്യൂമർ കമ്പനി 2,800 ഓസ്ട്രേലിയൻ ഉപഭോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേ പ്രകാരം, നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിൻ്റെ പ്രതിവാര പലചരക്ക് ചെലവ് $25 വർദ്ധിച്ച് $240 ആയി. ഇത് പ്രതിവർഷം $12,480-ൻ്റെ അധിക ചെലവാണ് ഉണ്ടാക്കുന്നത്.
വിലക്കയറ്റം നേരിടാൻ 80 ശതമാനത്തിലധികം ആളുകളും ഷോപ്പിംഗ് രീതികളിൽ മാറ്റം വരുത്തിയതായും സർവേയിൽ കണ്ടെത്തി.
വില താരതമ്യം ചെയ്ത് വാങ്ങുക, ബൾക്കായി സാധനങ്ങൾ വാങ്ങുക, കാലാവധി തീരാറായ സാധനങ്ങൾക്ക് കിഴിവ് ലഭിക്കുമ്പോൾ വാങ്ങുക, സീസണൽ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക തുടങ്ങിയ മാർഗ്ഗങ്ങളാണ് ആളുകൾ പ്രധാനമായും സ്വീകരിക്കുന്നത്.
പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം കുടുംബങ്ങളെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് Canstar Blue വക്താവ് ഈഡൻ റാഡ്ഫോർഡ് പറഞ്ഞു. ഇന്ധനം, വൈദ്യുതി, സംഭരണച്ചെലവുകൾ എന്നിവയിലുണ്ടായ വർദ്ധനവാണ് സാധനങ്ങളുടെ വില കൂടാൻ ഒരു പ്രധാന കാരണം.