മെൽബൺ∙ ‘വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും.’ – കുഞ്ഞുണ്ണി മാഷിന്റെ കവിതയിലെ പോലെ വായിച്ച് അറിവിന്റെ ലോകത്തേക്ക് വളരുന്നതിന്റെ അപൂർവ നേട്ടത്തിന് അർഹയായിരിക്കുകയാണ് സൗത്ത് ഓസ്‌ട്രേലിയയിലെ ഹാലെറ്റ് കോവിൽ നിന്നുള്ള എട്ടുവയസ്സുകാരി മലയാളി പെൺകുട്ടി. ഏറ്റവും വേഗത്തിൽ 300 പുസ്തകങ്ങൾ വായിച്ച ജൂനിയർ എന്ന റെക്കോർഡ് നേടിയാണ് മാർത്ത രഞ്ജിത്ത് മാത്യു വായനയുടെ ലോകത്ത് പുതിയ ചരിത്രമെഴുതിയത്. മാർത്തയുടെ നേട്ടം ഓസ്‌ട്രേലിയൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഔദ്യോഗികമായി അംഗീകരിച്ചു.
2025 മേയ് 22 നും സെപ്റ്റംബർ 3 നും ഇടയിലുള്ള വെറും 106 ദിവസങ്ങൾ കൊണ്ടാണ് മാർത്ത ഈ അവിശ്വസനീയ നേട്ടം സ്വന്തമാക്കിയത്. എല്ലാ ദിവസവും മൂന്ന് പുസ്തകങ്ങൾ വീതം വായിച്ചുകൊണ്ട് വായനയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശമാണ് ഈ കൊച്ചുമിടുക്കി തെളിയിച്ചത്.