തൃശൂർ: സ്വകാര്യ സ്ഥാപനത്തിൽ വർക്കിങ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. തളിക്കുളം അറക്കൽ ഷറഫുദ്ദീൻ്റെ പരാതിയിൽ കൊണ്ടോട്ടി ചെറുകാട് സ്വദേശി കോട്ടംപറമ്പത്ത് വീട്ടിൽ മുഹമ്മദ് ജാബിർ (37) ആണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഷറഫുദ്ദീൻ 2018 ൽ നാട്ടിലെത്തിയപ്പോൾ കാളത്തോടുള്ള സുഹൃത്ത് വഴി പരിചയപ്പെട്ട മുഹമ്മദ് ജാബിർ ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകിയാൽ ഒമാനിയോ ഇന്റർനാഷ്ണൽ എന്ന സ്ഥാപനത്തിലെ വർക്കിങ് പാർട്ണർ ആക്കാമെന്നും മൂന്ന് മാസം കൂടുമ്പോൾ കണക്ക് നോക്കി ലാഭത്തിന്റെ 20 ശതമാനം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.