പെര്‍ത്ത്: ഇക്കൊല്ലം ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം മുപ്പതിനായിരം കടന്നതോടെ വെസ്റ്റേണ്‍ ഓസ്ട്രേലിയ പനിപ്പേടിയില്‍. കഴിഞ്ഞ വര്‍ഷം ആകെ പനി ബാധിച്ചവരുടെ എണ്ണത്തിന്റെ ഇരട്ടിയോളം ആള്‍ക്കാര്‍ക്കാണ് ഇക്കൊല്ലം ഇതുവരെ പനി വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ പനിബാധിതരുടെ എണ്ണം 17117 മാത്രമായിരുന്നു. പനിക്കണക്കുകള്‍ ഓസ്ട്രേലിയ രേഖപ്പെടുത്തി സൂക്ഷിക്കാനാരംഭിച്ചത് 2001ലാണ്. ഇതുവരെയുള്ള രേഖകള്‍ അനുസരിച്ച് ഏറ്റവുമധികം പേര്‍ക്ക് പനി വന്നത് 2019ലാണ്-22000 ആള്‍ക്കാര്‍ക്ക്. അതിനെപോലും ഇതവരെയുള്ള കണക്ക് കവച്ചുവച്ചുകഴിഞ്ഞു.
പനിബാധിതരുടെ എണ്ണത്തിലെ വര്‍ധനയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം പ്രതിരോധ നടപടികളുടെ കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 15 വയസു മുതല്‍ 50 വയസുവരെയുള്ള ആള്‍ക്കാരില്‍ പ്രതിരോധ കുത്തിവയ്പിനു വിധേയരായവര്‍ വെറും 18.8 ശതമാനം മാത്രമാണ്. ഇക്കാര്യത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയെക്കാള്‍ പിന്നോക്കം നില്‍ക്കുന്നത് ക്വീന്‍സ് ലാന്‍ഡ് മാത്രമാണ്. വെറും 18.3 ശതമാനം മാത്രമാണവിടെ വാക്സിനേഷന്റെ നിരക്ക്.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം പനിയോട് ജനങ്ങള്ക്കെല്ലാമുള്ള ഉദാസീനതയാണ് വാക്സിനേഷനുകള്‍ കുറയുന്നതിനുള്ള കാരണമെന്ന് റോയല്‍ ഓസ്ട്രേലിയന്‍ കോളജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സിലെ ചെയര്‍ ഡോ. രമ്യ രാമന് പറയുന്നു.