ലഖ്‌നൗ: ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ട നാല് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളിലായി താമസിച്ച് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ് പിടിയിലായത്. അക്‌മൽ, സഫീൽ, മൊഹമ്മദ് തൗസീഫ്, കാസിം എന്നിങ്ങനെയാണ് പിടിയിലായ നാല് പേരുടെയും പേരുകൾ. ഇവർ പാക് ഭീകര സംഘടനകളാൽ സ്വാധീനിക്കപ്പെട്ടവരാണെന്ന് ഉത്തർപ്രദേശ് ഭീകര വിരുദ്ധ സേന പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ അടക്കം ആളുകളെ പ്രകോപിപ്പിക്കാനും ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാനും ശ്രമിച്ചെന്നാണ് ഇവർക്കെതിരെ ഉയരുന്നു ആരോപണം
മുസ്ലീം ഇതര മത നേതാക്കളെ വധിക്കാനും ഇവർ ലക്ഷ്യമിട്ടുവെന്നും നാല് പേരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്നും യുപി എടിഎസ് വ്യക്തമാക്കി. സംസ്ഥാനത്ത് മുജാഹിദ് ആർമിയെന്ന സംഘടന രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. യുപിയിലെ കാൻപൂർ, രാംപൂർ, സോൻഭദ്ര, സുൽത്താൻപുർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പലയിടത്തായി ഇവർ ഒത്തുചേർന്നിരുന്നുവെന്നും ആയുധങ്ങൾ ശേഖരിക്കാൻ പണം സമാഹരിച്ചുവെന്നും പൊലീസ് പറയുന്നു.