പാരിസ്: ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര ഹ്രസ്വദൂര വിമാനസര്‍വീസുകള്‍ വിലക്കി ഫ്രാൻസ്.
ട്രെയിൻമാര്‍ഗം സഞ്ചരിച്ച് എത്താവുന്ന സ്ഥലങ്ങള്‍ക്കിടയിലുള്ള ഹ്രസ്വദൂര വിമാനസര്‍വീസുകളാണ് നിരോധിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഇതിൻ പ്രകാരം, ട്രെയിനില്‍ രണ്ടര മണിക്കൂര്‍ താഴെ സമയത്തിനുള്ളില്‍ എത്തിച്ചേരാവുന്ന യാത്രകള്‍ക്ക് വിമാനം ഉപയോഗിക്കാനാവില്ല.
വിലക്ക് നിലവില്‍ വന്നതോടെ പാരീസിനെയും നോത്, ലിയോം, ബോര്‍ഡോ തുടങ്ങിയ സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന വിമാനസര്‍വീസുകള്‍ ഇല്ലാതാകും. നിരോധന നടപടി അത്യന്താപേഷിതമായ ചുവടുവെപ്പാണെന്നും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നയത്തിലെ കരുത്തുറ്റ അടയാളമാണെന്നും ഫ്രഞ്ച് ഗതാഗതമന്ത്രി പറഞ്ഞു.
ജീവിതശൈലിയില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കാനുള്ള കഠിനപരിശ്രമം നടത്തുമ്ബോള്‍, മെച്ചപ്പെട്ട ട്രെയിൻ സര്‍വീസുകള്‍ വഴി ബന്ധിപ്പിക്കപ്പെട്ട നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വിമാനം ഉപയോഗിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ആരാഞ്ഞു.
വിമാനയാത്ര താല്‍പര്യപ്പെടുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ ട്രെയിൻ സര്‍വീസുകള്‍ സജ്ജമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇടവിട്ടും കൃത്യസമയത്തും സര്‍വീസുകള്‍ ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഹ്രസ്വദൂരയാത്രകള്‍ക്ക് പ്രൈവറ്റ് ജെറ്റുകള്‍ ഉപയോഗിക്കുന്ന രീതിയ്ക്കും നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഫ്രാൻസ്. ഗതാഗതം കൂടുതല്‍ പരിസ്ഥിതിസൗഹൃദമാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെയും ലക്ഷ്യം. യൂറോപ്യൻ ഫെഡറേഷൻ ഫോര്‍ ക്ലീൻ ട്രാൻസ്പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം, കൊമേഴ്സ്യല്‍ വിമാനങ്ങളെ അപേക്ഷിച്ച് പ്രൈവറ്റ് ജെറ്റുകളുടെ മലിനീകരണത്തോത് വളരെ കൂടുതലാണ്.