ഡൽഹി: യെമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വീഡിയോയിലൂടെയാണ് ഡോ. പോൾ ഇക്കാര്യം പറഞ്ഞത്. യെമനിലെ സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ അമ്മയുൾപ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്ന് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം പറഞ്ഞു.
വിശദ വിവരങ്ങൾ
യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശ്രമങ്ങളെ തുടർന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതെന്നാണ് ഡോ. പോൾ പറയുന്നത്. “നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു. ദൈവകൃപയാൽ, നിമിഷ പ്രിയ ഉടൻ മോചിതയാകുകയും ഇന്ത്യയിലെക്ക് മടക്കി എത്തിക്കാനാകുമെന്നും’ – ഡോ പോൾ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്നാണ് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം വ്യക്തമാക്കിയത്.