ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിന്റെ രക്ഷയ്ക്ക് പുതിയ പഠനം. താപനില താങ്ങാനുള്ള പവിഴപ്പുറ്റുകളുടെ കഴിവ് ഓരോ ഇനത്തിലും കോളനികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് സതേൺ ക്രോസ് സർവകലാശാലയും ഓസ്ട്രേലിയൻ മറൈൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
അക്രോപോറ ഹയാസിന്തസ് എന്ന പവിഴപ്പുറ്റിനത്തിൽ നടത്തിയ പഠനമനുസരിച്ച് താപനിലകൂടിയ പ്രദേശത്തുള്ളവയ്ക്ക് അതിനെ അതിജീവിക്കാനുള്ള ജനിതക സവിശേഷതകളുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഉയർന്ന താപനിലയെ നേരിടാനാകുന്ന ജനിതക ഘടനയുള്ള പവിഴപ്പുറ്റുകളെ കണ്ടെത്തി വളർത്തി ഗ്രേറ്റ് ബാരിയർ റീഫിനെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിലാണ് ഗവേഷകർ.
അതേസമയം സമുദ്രതാപനില ഉയരുന്നതുമൂലം പവിഴപ്പുറ്റുകൾക്ക് നിറംനൽകുന്ന ആൽഗകൾ പുറന്തള്ളപ്പെട്ടുന്നതിനാലാണ് അവ വെളുത്തുപോകുന്നത്. ഇതിനെ കോറൽ ബ്ലീച്ചിങ് എന്നാണ് പറയുന്നത്.