ദില്ലി : രാജ്യത്ത് 5,18 സ്ലാബുകളിൽ ഇന്ന് മുതൽ പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിലായി. ജിഎസ് ടി നിരക്ക് കുറച്ചതോടെ വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് നേരിട്ട് ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. നിത്യോപയോഗ സാധനങ്ങൾക്ക് ഒപ്പം ജീവൻരക്ഷാ മരുന്നുകൾക്കും വില കുറയും. കാൻസർ, ഹീമോഫീലിയ, സ്‌പൈനൽ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങൾ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേൽ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂർണമായി ഇല്ലാതായത്. രക്ത സമ്മർദം, കൊളസ്ട്രോൾ, നാഡി ഞരമ്പ് രോഗങ്ങൾക്കുള്ള മരുന്നുകൾക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയവക്കും വില കുറയും. കരളിലെ കാൻസറിനുള്ള ഒന്നേകാൽ ലക്ഷത്തോളം വില വരുന്ന അലക്‌റ്റിനിബ് ഗുളികയ്ക്ക് 15,000രൂപ വരെ വില കുറയും. ഹീമോഫീലിയ രോഗികൾക്കുള്ള , മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന എമിസിസുമാബ് ഇൻജക്ഷന് 35,000 രൂപ വരെ വില കുറയും. എന്നാൽ ഇൻസുലിൻ മരുന്നുകൾക്ക് വില കുറയില്ല.