പെൻസില്‍വാനിയ: തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വെടിയുതിർത്ത 20കാരന്റെ ചിത്രം പുറത്ത് വിട്ട് അധികൃതർ.പെൻസില്‍വാനിയ സ്വദേശിയായ തോമസ് മാത്യു ക്രൂക്‌സിനെ ആക്രമണം ഉണ്ടായതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
അടുത്തിടെയാണ് ഇയാള്‍ എഞ്ചിനീയറിംഗ് സയൻസില്‍ അസോസിയേറ്റ് ബിരുദം നേടിയത്. ശാന്തനായ, സൗമ്യ സ്വഭാവമുള്ള വ്യക്തിയെന്നാണ് സഹപാഠികള്‍ ഇയാളെ കുറിച്ച് പറയുന്നത്.
എല്ലാവരോടും വളരെ ബഹുമാനത്തോടെ പെരുമാറിയിരുന്ന ആളായിരുന്നു ക്രൂക്‌സ് എന്നും, അയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയമുള്ളതായി തനിക്ക് അറിയില്ലെന്നും ഹൈസ്‌കൂള്‍ കൗണ്‍സിലർ പറയുന്നു. ക്രൂക്‌സിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ എഫ്ബിഐ അന്വേഷണ വിധേയമായി പരിശോധിച്ചിരുന്നു. ഇതില്‍ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ട്രംപ് സംസാരിച്ചതിന് വളരെ അടുത്ത ദൂരത്തില്‍ തന്നെ ആയുധവുമായി ക്രൂക്‌സിന് എത്താനായി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്ന മറ്റൊരു കാര്യം. ട്രംപിന്റെ വേദിയുടെ 140 മീറ്റർ മാത്രം അകലെ നിന്നാണ് ക്രൂക്‌സ് വെടിയുതിർത്തത്. എആർ-15 മോഡലിലുള്ള സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.
നിലവില്‍ ഒരു നഴ്‌സിംഗ് ഹോമില്‍ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു ക്രൂക്‌സ്. ജോലിയില്‍ വളരെ അധികം ആത്മാർത്ഥത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ക്രൂക്‌സ് എന്നും, പുറത്ത് വരുന്ന വാർത്തകള്‍ അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നതാണെന്നും നഴ്‌സിംഗ് ഹോം അഡ്മിനിസ്‌ട്രേറ്റർ മാർസി ഗ്രിം പറയുന്നു. രാഷ്‌ട്രീയത്തില്‍ ക്രൂക്‌സിന് ഏതെങ്കിലും വിധത്തില്‍ താത്പര്യമുള്ളതായി പറഞ്ഞുകേട്ടിട്ടില്ലെന്ന് ക്രൂക്‌സിന്റെ സഹപാഠികള്‍ വ്യക്തമാക്കി. കമ്ബ്യൂട്ടറുകള്‍ നിർമ്മിക്കുന്നതിനെ കുറിച്ചും, ഗെയിമുകള്‍ ഉണ്ടാക്കുന്നതിലുമാണ് ക്രൂക്‌സ് വളരെ അധികം താത്പര്യം കാണിച്ചത്. മറ്റുള്ളവരോടുള്ള പെരുമാറ്റവും ഏറെ നല്ലതായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു.