ചിലപ്പോൾ ഒരു നിമിഷം കൊണ്ടാകാം നമ്മുടെയൊക്കെ ജീവിതങ്ങൾ മാറിമറിയുന്നത്. അത്തരത്തിൽ അത്ഭുതകരമായ രീതിയിൽ ജീവിതം മാറിമറിഞ്ഞ വ്യക്തിയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള ഈ യുവാവ്. വിവാഹ ശേഷം വിവാഹ മോതിരം ധരിച്ച് ജോലി സ്ഥലത്തെത്തിയ ഇദ്ദേഹത്തെ മേൽ ഉദ്യോഗസ്ഥൻ ശാസിക്കുകയും മേലിൽ മോതിരം ധരിച്ച് ജോലി സ്ഥലത്ത് വരരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ആ ഒരൊറ്റ ശാസനയിൽ മാറിമറിഞ്ഞത് യുവാവിന്‍റെ ജീവിതം തന്നെയാണ്. സ്വന്തമായി ഒരു ബിസിനസ് സംരംഭം തന്നെ ആരംഭിക്കുന്നതിനുള്ള ആശയം അതിൽ നിന്നും കണ്ടെത്തുകയും ഇന്ന് പ്രതിമാസം മൂന്ന് ലക്ഷം രൂപ വരുമാനമുള്ള ഒരു കമ്പനിയുടെ ഉടമയുമായി അദ്ദേഹം മാറി.
പെർത്തിൽ താമസിക്കുന്ന ആരോൺ എന്ന വ്യക്തിയുടെ ജീവിതമാണ് ഇത്തരത്തിൽ മാറിമറിഞ്ഞത്. ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ ആയിരുന്നു ആരോൺ ആരും ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള ലോഹ വസ്തുക്കളും ശരീരത്തിൽ ധരിക്കുക അവിടെ അനുവദനീയമല്ലായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ജോലിക്ക് കയറിയ ആരോൺ ഇത് വകവയ്ക്കാതെ വിവാഹ മോതിരം ധരിച്ച് കമ്പനിയിൽ ജോലിക്കെത്തി. എന്നാൽ മേൽ ഉദ്യോഗസ്ഥൻ ഇത് തടയുകയും മേലിൽ മോതിരം ധരിച്ച് ജോലിക്ക് വരരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ വിവാഹ മോതിരം ധരിച്ച് നടക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന ആരോണിനെ സംബന്ധിച്ചിടത്തോളം അത് വലിയ വിഷമമായി. ഒടുവിൽ അദ്ദേഹം സിലിക്കൺ മോതിരം വാങ്ങാൻ തീരുമാനിച്ചു. അങ്ങനെ ഒരു വിദേശ വെബ്സൈറ്റിൽ നിന്നും ഓൺലൈനായി അദ്ദേഹം ഒരു സിലിക്കൺ മോതിരം വാങ്ങി. അപ്പോഴാണ് എന്തുകൊണ്ട് സ്വന്തമായി ഒരു സിലിക്കൺ ആഭരണ കമ്പനി തുടങ്ങിക്കൂടായെന്ന ആശയം ആരോണിനോട് ഭാര്യ ചോദിച്ചത്. അങ്ങനെ ആരോൺ 7 ലക്ഷം രൂപ മുതൽ മുടക്കി ‘ടഫ് റിംഗ്സ്’ എന്ന പേരിൽ ബിസിനസ് ആരംഭിച്ചു.
ബിസിനസ് വളരെ വേഗത്തിൽ വിജയിക്കുകയും നിരവധി ഓർഡറുകൾ അവരെ തേടിയെത്തുകയും ചെയ്തു. തങ്ങളുടെ കമ്പനിയിൽ സിലിക്കൺ മോതിരങ്ങളുടെ വില 16 ഡോളറിൽ (1,330 രൂപ) ആരംഭിക്കുമെന്നും 16 വ്യത്യസ്ത ഡിസൈനുകളിൽ ലഭ്യമാണെന്നും ആരോൺ പറയുന്നു. ഇത് 100 ശതമാനം സിലിക്കൺ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ പ്രകൃതിചികിത്സകളും ഓഫര്‍ ചെയ്യുന്നു. ജലത്തെ അകറ്റുന്ന ഇവയ്ക്ക് 240 ഡിഗ്രി സെൽഷ്യസ് വരെ അതിജീവിക്കാൻ കഴിയുമെന്നാണ് ആരോണിന്‍റെ അവകാശവാദം.