പ്രണയിക്കാന്‍ പ്രായം തടസമില്ലെന്നത് ലോകം അംഗീകരിച്ച കാര്യമാണ്. പലപ്പോഴും ആളുകള്‍ അപ്രതീക്ഷിതമായ ബന്ധങ്ങളില്‍ എത്തിച്ചേരുന്നതും അസ്വാഭാവികമല്ല. അതിന് രാജ്യാതിര്‍ത്തിയോ മറ്റെന്തെങ്കിലുമോ തന്നെ ഒരു തടസവുമല്ലെന്ന് അടുത്തകാലത്തായി നമ്മള്‍ കണ്ടതാണ്. പബ്ജി പോലുള്ള ഗെയ്മുകളിലൂടെ പരിചയപ്പെട്ട്, ഒടുവില്‍ പ്രണയമായി, കാമുകനെ വിവാഹം കഴിക്കാനായി പാകിസ്ഥാനില്‍ നിന്നും മൂന്ന് മക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് വന്ന സീമാ ഹൈദറിനെ കുറിച്ച് അടുത്തകാലത്താണ് വര്‍ത്തകള്‍ പുറത്ത് വന്നത്. പിന്നാലെ അത്തരം വാര്‍ത്തകള്‍ നിരവധി നമ്മള്‍ കണ്ടു. ആ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തുന്ന വാര്‍ത്ത യുഎസില്‍ നിന്നാണ്.ഫേസ് ബുക്ക് എന്ന ലോകമെങ്ങും വ്യാപകമായി ആളുകള്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ രണ്ട് യുഎസ് സ്ത്രീകള്‍ പരസ്പരം ആദ്യമായി കണ്ടപ്പോള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. അതും ഫേസ്ബുക്കിലൂടെ പത്ത് വര്‍ഷത്തോളം പരസ്പരം സൗഹൃദത്തിലായിരുന്നതിന് ശേഷം. ട്രേസി ബ്രൗണ്‍ (50), ചെറിൽ പർസ (62) എന്നീ രണ്ട് യുഎസ് സ്ത്രീകളാണ് സുഹൃത്തുക്കള്‍ എന്നതിനുമപ്പുറം തങ്ങള്‍ തമ്മിലൊരു ആത്മബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും. പത്ത് വര്‍ഷത്തോളം ഫേസ്ബുക്കിലൂടെ പരസ്പരം സൗഹൃദ സംഭാഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ആദ്യമായി കണ്ടപ്പോഴാണ് തങ്ങള്‍ ഇരുവരും ടെക്‌സാസിലെ ഡാളസിൽ കുറച്ച് ബ്ലോക്കുകൾ മാത്രം അകലെയാണ് താമിസിക്കുന്നതെന്ന് പോലും ഇവര്‍ തിരിച്ചറിഞ്ഞത്.