യൂറോപ്പും യുഎസും ഏഷ്യയിലെ സംഭവ വികാസങ്ങളില്‍ ഏറെ അസ്വസ്ഥരാണ്. ഫ്രാന്‍സും ജര്‍മ്മനിയും ഒരു ലോക മഹായുദ്ധത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് രാജ്യത്തെ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ. ഇന്ത്യ അടക്കം പങ്കെടുത്ത ഷാങ്ഹായ് സഹകരണ ചർച്ചയ്ക്ക് പിന്നാലെ ചൈന രണ്ടാം ലോക മഹായുദ്ധത്തിന്‍റെ 80-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ സൈനിക പരേഡിൽ പങ്കെടുക്കാൻ എത്തിയത് ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നും പുടിനും. ഇതോടെയാണ് യൂറോപ്പും യുഎസും അസ്വസ്ഥത പ്രകടിപ്പിച്ചത്. യൂറോപ്പും യുഎസും ഭയന്നത് പോലെ ലോകത്തിലെ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒന്നിക്കുന്നുവെന്നതാണ് ആ ഭയത്തിന് കാരണവും. എന്നാൽ. ഇതിനിടെ റഷ്യന്‍ പ്രസിഡന്‍റ് പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങും തമ്മിലുള്ള ഒരു സംഭാഷണ ശകലം പുറത്ത് വന്നത് നെറ്റിസണ്‍സിനിടെയില്‍ ഏറെ കൗതുകം ജനിപ്പിച്ചു.
ബെയ്ജിംഗിൽ നടന്ന സൈനിക പരേഡിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിങ് പിങ്ങും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചും മനുഷ്യന്‍റെ ദീർഘായുസ്സിനെക്കുറിച്ചും സംസാരിക്കുന്നതായിരുന്നു സമീപത്തെ മൈക്ക് പിടിച്ചെടുത്തത്. ‘ബയോടെക്നോളജി തുടർച്ചയായി വികസിച്ച് കൊണ്ടിരിക്കുന്നു. മനുഷ്യാവയവങ്ങൾ തുടർച്ചയായി മാറ്റിവയ്ക്കാൻ കഴിയും. നിങ്ങൾ കൂടുതൽ കാലം ജീവിക്കുന്തോറും നിങ്ങൾ പ്രായം കുറഞ്ഞവരായിത്തീരുകയും (നിങ്ങൾക്ക്) അമർത്യത കൈവരിക്കാൻ പോലും കഴിയും’. എന്ന് വ്‌ളാഡിമിർ പുടിന്‍റെ വിവർത്തകൻ ചൈനീസ് ഭാഷയിൽ പറയുന്നതായിരുന്നു മൈക്കിലൂടെ പുറത്ത് കേട്ടത്. ‘ഈ നൂറ്റാണ്ടിൽ മനുഷ്യർ 150 വർഷം വരെ ജീവിച്ചിരിക്കുമെന്ന് ചിലർ പ്രവചിക്കുന്നു’ എന്ന് ഇതിന് മറുപടിയായി ഷി ജിങ് പിങ് പറയുന്നതും കേൾക്കാം. ഇത് കേട്ട് തൊട്ട് പിന്നിലുണ്ടായിരുന്ന ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉൻ ഇരുവരെയും നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കേൾക്കാം. എന്നാല്‍ ഇരുവരുടെയും സംഭാഷണം കിമ്മിന് വിവർത്തനം ചെയ്യപ്പെട്ടോയെന്ന് വ്യക്തമല്ല.
പിന്നാലെ കാമറ ടിയാനൻമെൻ സ്ക്വയറിന്‍റെ വൈഡ് ഷോട്ടിലേക്ക് മാറുന്നു. ഓഡിയോയും കേൾക്കാതായി. നിമിഷങ്ങൾക്കുശേഷം മൂന്ന് നേതാക്കളും സൈനിക പരേഡ് വീക്ഷിക്കാനായി വ്യൂവിംഗ് പ്ലാറ്റ്‌ഫോമിലേക്ക് പോകുന്ന ദൃശ്യങ്ങളും കാണാം. ഈ സമയം മൂവര്‍ക്കുമൊപ്പം പത്തിരുപത് നയതന്ത്ര പ്രതിനിധികളുമുണ്ടായിരുന്നു. എന്നാല്‍ റഷ്യന്‍, ചൈനീസ് സര്‍ക്കാറുകൾ ലോക നേതാക്കളുടെ ഈ ചൂടേറിയ ചര്‍ച്ചയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ ശ്രദ്ധയോടെയാണ് യൂറോപ്പും യുഎസും നോക്കിക്കാണുന്നത്. മൂന്നവരും ചേര്‍ന്ന ശാക്തിക ചേരിക്ക് യൂറോപ്പിനെയും യുഎസിനെയും നോക്കികുത്തിയാക്കി ലോക വ്യാപാര മേഖല കീഴടക്കുമോയെന്ന ആശങ്കയാണ് ആ ഭയത്തിന് കരണവും. ഇതിനിടെയാണ് പുടിനും ഷിയും തമ്മിലുള്ള ചൂടന്‍ സംഭാഷണം പുറത്തായത്. അതും അവയവമാറ്റത്തെ കുറിച്ചും അതുവഴി മനുഷ്യന്‍റെ ആയുസ് നീട്ടുന്നതിനെ കുറിച്ചും. വീഡിയോ വലിയ പ്രാധാന്യത്തോടെ യൂറോപ്യന്‍ സോഷ്യൽ മീഡിയ ഹാന്‍റിലുകൾ പങ്കുവച്ചു. പിന്നാലെ ഷി, അമര്‍ത്യതയെ കുറിച്ചാണ് സൂചിപ്പിക്കുന്നതെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.