കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സ്കൂൾ അധികൃതരുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്ന പരിഹാരത്തിനു ശേഷവും സർക്കാർ കൂടുതലായി ഇടപെടൽ നടത്തുന്നുവെന്ന് സംശയിക്കുന്നതായും മന്ത്രി വർഗീയത ആളിക്കത്തിക്കുന്നതായും അവർ പറഞ്ഞു.
സ്കൂൾ യൂണിഫോം സംബന്ധിച്ച നിയമങ്ങൾ പാലിക്കാമെന്ന് കുട്ടിയുടെ രക്ഷിതാവ് അറിയിച്ചിരുന്നു. കുട്ടിയെ തുടർന്നും അതേ സ്കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചതാണ്. പ്രശ്നത്തിൽ പരിഹാരം കണ്ടിട്ടും എന്തുകൊണ്ടാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കുട്ടികളിൽ തുല്യത ഉറപ്പിക്കാനാണ് സ്കൂളിൽ യൂണിഫോം. ഇക്കാര്യത്തിൽ സർക്കാർ കൂടുതലായി ഇടപെടൽ നടത്തുന്നു എന്ന് സംശയിക്കുന്നു. മന്ത്രി വർഗീയത ആളിക്കത്തിക്കുകയാണ്. ഉത്തരവ് സ്കൂൾ അധികൃതർക്ക് കിട്ടിയിട്ടില്ലെന്നും പരിശോധിച്ച ശേഷം നിയമ നടപടിയെടുക്കുമെന്നും സ്കൂൾ അധികൃതരുടെ അഭിഭാഷക വ്യക്തമാക്കി.
സ്കൂൾ അധികൃതർക്ക് വീഴ്ച്ചയെന്ന് വിദ്യാഭ്യാസ മന്ത്രി
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.