ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നക്സലിസത്തിനെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ നക്സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ കേന്ദ്ര സർക്കാർ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ കരെഗുട്ടാലു കുന്നിൽ അടുത്തിടെ വിജയകരമായി നടത്തിയ ‘ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്’-ൽ പങ്കെടുത്ത സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ഛത്തീസ്ഗഡ് പൊലീസ്, ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, കോബ്ര ഉദ്യോഗസ്ഥർ എന്നിവരെ അഭിനന്ദിക്കാനായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കരെഗുട്ടാലു കുന്നിൽ വെച്ച് നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനായ ‘ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്’ വിജയിപ്പിച്ചതിന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിന്‍റെ ധീരത നക്സൽ വിരുദ്ധ പോരാട്ടത്തിന്‍റെ ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമായി ഓർമ്മിക്കപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. “എല്ലാ നക്സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ മോദി സർക്കാർ വിശ്രമിക്കില്ല,” അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, ഉപമുഖ്യമന്ത്രി വിജയ് ശർമ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമ്മൾ ഇന്ത്യയെ നക്സൽ മുക്തമാക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ചൂടും, ഉയരവും, ഓരോ ചുവടിലുമുള്ള ഐഇഡി സ്ഫോടകവസ്തുക്കളുടെ അപകടസാധ്യതയും ഉണ്ടായിരുന്നിട്ടും, സുരക്ഷാ സേന ഉന്നതമായ മനോവീര്യത്തോടെ ഓപ്പറേഷൻ വിജയിപ്പിക്കുകയും നക്സലൈറ്റുകളുടെ ബേസ് ക്യാമ്പ് തകർക്കുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡ് പൊലീസ്, സിആർപിഎഫ്, ഡിആർജി, കോബ്ര സേനാംഗങ്ങൾ കരെഗുട്ടാലു കുന്നിലെ നക്സലൈറ്റുകളുടെ മെറ്റീരിയൽ ഡമ്പും സപ്ലൈ ചെയിനും ധീരമായി നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.