വാഷിങ്ടൺ: അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ യുഎസ് കാപ്പിറ്റോളിന് പുറത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വർണപ്രതിമ ഉയർത്തി. ബിറ്റ്കോയിൻ കയ്യിലേന്തി നിൽക്കുന്ന ട്രംപിൻ്റെ ഭീമാകാരൻ പ്രതിമയാണ് ഉയർത്തിയത്. ക്രിപ്‌റ്റോകറൻസി നിക്ഷേപകരാണ് പ്രതിമ സ്ഥാപിക്കാൻ പണം മുടക്കിയതെന്നാണ് വിവരം. ക്രിപ്റ്റോ കറൻസി വിഷയത്തിലെ ട്രംപിൻ്റെ നിലപാടാണ് പ്രതിമ സ്ഥാപിക്കാനുള്ള പ്രചോദനമെന്നാണ് വിലയിരുത്തൽ. പിന്നാലെ ഇത് സംബന്ധിച്ച് വിവാദവും പൊട്ടിപ്പുറപ്പെട്ടു.
ഡിജിറ്റൽ കറൻസിയുടെ ഭാവി, ധനനയം, സാമ്പത്തിക വിപണികളിൽ ഫെഡറൽ സർക്കാരിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുകയാണ് പ്രതിമ സ്ഥാപിച്ച് ക്രിപ്റ്റോ നിക്ഷേപകർ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്രിപ്‌റ്റോ കറൻസിക്ക് ട്രംപ് നൽകുന്ന തുറന്ന പിന്തുണയ്ക്കുള്ള ആദരമായി കൂടി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. പിന്നാലെ പ്രതിമയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഈ പ്രദേശം ഇനി സഞ്ചാരികളെ ആകർഷിക്കുമോയെന്നാണ് അറിയേണ്ടത്.
അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് ഒരു ക്വാർട്ടർ പോയിന്റ് കുറച്ചത് ഇന്നലെയാണ്. ഇതോടെ ഹ്രസ്വകാല നിരക്ക് 4.3 ശതമാനത്തിൽ നിന്ന് ഏകദേശം 4.1 ശതമാനമായി കുറഞ്ഞു. 2024 ഡിസംബറിന് ശേഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചത്. യുഎസ് ഫെഡറൽ ബാങ്ക് മേധാവിയും ട്രംപും തമ്മിൽ നല്ല ബന്ധത്തിലല്ല. അതിനാൽ തന്നെ പലിശ നിരക്ക് കുറച്ച നടപടിയിൽ ട്രംപിൻ്റെ പ്രതികരണം ഉറ്റുനോക്കപ്പെടുന്നുണ്ട്.