തിരുവനന്തപുരം: ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതിനെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സെപ്റ്റംബർ 3, 4 തിയതികളിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസ്ഥാനത്തിന്‍റെ ആശങ്കകൾ അറിയിക്കുമെന്നും സെക്രട്ടേറിയറ്റ് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽ മാത്രമാണ് സംസ്ഥാനങ്ങൾക്ക് സ്വന്തം നികുതി പിരിക്കാനുള്ള അധികാരമുള്ളത്. അതിനാൽ ജിഎസ്ടി വരുമാനം കുറഞ്ഞാൽ വികസന പ്രവർത്തനങ്ങളേയും ജനക്ഷേമ പദ്ധതികളേയും ഗൗരവമായി ബാധിക്കും. ജിഎസ്ടി നടപ്പാക്കിയപ്പോൾ ആദ്യ അഞ്ച് വർഷത്തേക്ക് 14 ശതമാനം വാർഷിക വളർച്ച ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നൽകിയിരുന്ന നഷ്ടപരിഹാരം കഴിഞ്ഞ വർഷം അവസാനിച്ചു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളത്തിന് 21,955 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ വർഷം 8,000 മുതൽ 10,000 കോടി വരെ അധിക നഷ്ടമുണ്ടാകും.
സംസ്ഥാനത്തെ ഇൻഷുറൻസിൽ 500 കോടിയും ഓട്ടോമൊബൈലിൽ 1,100 മുതൽ 1,200 കോടിയും വൈറ്റ് ഗുഡ്‌സിൽ 500 കോടിയും സിമന്റിൽ 300 മുതൽ 500 കോടിയും വൻ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 95 ശതമാനം വരെ ശമ്പളത്തിനും പെൻഷനുമാണ് ചെലവഴിക്കുന്നത്. അതിനാൽ ജിഎസ്ടി വെട്ടിക്കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് ലൈഫ് പദ്ധതി, ചികിത്സ, വിദ്യാഭ്യാസം, നെല്ലിന് താങ്ങുവില നൽകൽ തുടങ്ങിയ പൊതുപ്രവർത്തനങ്ങളെ സാരമായി ബാധിക്കും.