കാലിഫോർണിയ: കഴിഞ്ഞ വർഷം കാലിഫോർണിയയിൽ അഞ്ച് വയസുകാരിക്ക് അതീവ ഗുരുതരമായി പരിക്കേൽക്കാൻ കാരണമായ വൻ അപകടത്തിന് കാരണക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യാക്കാരനായ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. പർതാപ് സിംഗ് എന്നയാളാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൻ്റെ പിടിയിലായത്. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാകുന്നത് വരെ ഇയാൾ ഇവിടെ തുടരും. അതിനിടെ പർതാപ് സിംഗ് നിയമപരമായ മാർഗത്തിലൂടെയല്ല അമേരിക്കയിലെത്തിയതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
കാലിഫോർണിയ ഹൈവേ പട്രോൾ (CHP) ട്രാഫിക് ക്രാഷ് റിപ്പോർട്ട് പ്രകാരം പർതാപ് സിംഗ് ഓടിച്ച ട്രക്കിൻ്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്. അഞ്ച് വയസ്സുകാരി ഡാലീല കോൾമാൻ്റെ ജീവിതം മാറ്റിമറിച്ച അപകടമാണിത്. തലയോട്ടിയിലും തുടയെല്ലിലും പൊട്ടലുണ്ടായി അത്യാസന്ന നിലയിലായ പെൺകുട്ടിയെ അപകടസ്ഥലത്ത് നിന്ന് എയർലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആഴ്ചകളോളം കോമയിൽ കഴിഞ്ഞ പെൺകുട്ടിയെ തുടർശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ജീവിതം ഇനി പൂർവ സ്ഥിതിയിലാകുമോയെന്ന് ഉറപ്പില്ല. ആജീവനാന്ത ചികിത്സ കുട്ടിക്ക് ആവശ്യമായി വരുമെന്നാണ് വൈദ്യ സംഘത്തിൻ്റെ വിലയിരുത്തൽ.
അനധികൃതമായി അമേരിക്കയിലെത്തിയ പർതാപ് സിംഗിന് കാലിഫോർണിയ മോട്ടോർ വാഹന വകുപ്പാണ് ലൈസൻസ് അനുവദിച്ചതെന്നാണ് വിവരം. സമീപകാലത്ത് അപകടവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഇന്ത്യൻ ട്രക്ക് ഡ്രൈവറാണ് പർതാപ് സിംഗ്. ഓഗസ്റ്റിൽ അശ്രദ്ധമായി ട്രക്ക് യു ടേൺ എടുത്തപ്പോഴുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഹർജീന്ദർ സിംഗ് എന്നയാൾ അറസ്റ്റിലായിരുന്നു. മൂന്ന് പേരാണ് അന്ന് അപകടത്തിൽ മരിച്ചത്. ഇയാളും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ആളായിരുന്നു. ഈ അപകടത്തെ തുടർന്ന് വിദേശികളായ വാണിജ്യ ട്രക് ഡ്രൈവർമാർക്ക് പുതുതായി തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തിയിരുന്നു. അന്ന് ഗതാഗത വകുപ്പിന്റെ ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എഫ്എംസിഎസ്എ) അന്വേഷണം നടത്തിയപ്പോൾ ഹർജീന്ദർ സിംഗിൻ്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം (ELP) വിലയിരുത്തിയിരുന്നു. എന്നാൽ 12 ഇംഗ്ലീഷ് വാക്കുകളിൽ രണ്ടെണ്ണത്തിന് മാത്രമാണ് ഇദ്ദേഹം ശരിയുത്തരം നൽകിയത്. നാല് ഹൈവേ ട്രാഫിക് അടയാളങ്ങളിൽ ഒന്ന് മാത്രമാണ് ഇയാൾക്ക് കൃത്യമായി തിരിച്ചറിയാൻ സാധിച്ചത്.