അഡ്‌ലെയ്ഡ്: അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽ വച്ച് അമർത്തിയ ഇന്ത്യൻ വംശജൻ മരണത്തിന് കീഴടങ്ങി. ഇന്ത്യൻ വംശജനായ ഗൗരവ് കന്റി(42)യാണ് മരിച്ചത്. പൊലീസുകാരുടെ ആക്രമണത്തിൽ ഗൗരവിന്റെ തലച്ചോറ് പൂർണ്ണമായും തകർന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചയോളമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
മേയ് 29ന് പുലർച്ചെ റോയസ്റ്റൺ പാർക്കിലെ പെയ്ൻഹാം റോഡിൽ വെച്ച് മോഡ്‌ബറി നോർത്തിൽ നിന്നുള്ള ഗൗരവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗൗരവിന്റെ മരണം കസ്റ്റഡി മരണം എന്ന നിലയിൽ അന്വേഷിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് മരണകാരണവും സാഹചര്യവും അന്വേഷിച്ച് സ്റ്റേറ്റ് കോറോണർക്ക് റിപ്പോർട്ട് നൽകും. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച അന്വേഷണത്തിന് പബ്ലിക് ഇന്റഗ്രിറ്റി ഓഫിസ് സ്വതന്ത്ര മേൽനോട്ടം വഹിക്കുമെന്നും പൊലീസ് അറിയിച്ചു.
ഗൗരവിന്റെ ഭാര്യ അമൃത്പാൽ കൗർ പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ രണ്ട് പൊലീസുകാർ ചേർന്ന് ഗൗരവിനെ നിലത്തേക്ക് തള്ളിയിടുന്നത് കാണാം. ഒരു ഉദ്യോഗസ്ഥൻ ഗൗരവിന്റെ കഴുത്തിൽ കാൽ വച്ച് അമർത്തിയപ്പോൾ താൻ വിഡിയോ ചിത്രീകരണം നിർത്തിയെന്ന് കൗർ പറഞ്ഞു.
അതേസമയം, എന്നാൽ അത്തരത്തിൽ ആക്രമണം നടന്നതിന് തെളിവുകളൊന്നും ഇല്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം നടത്തുന്ന മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ ബോഡി വോൺ ദൃശ്യങ്ങൾ (യൂണിഫോമിൽ ധരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങൾ) പരിശോധിച്ചു. ഒരു ഘട്ടത്തിലും പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽമുട്ട് വെച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ തല ഒരു ഘട്ടത്തിലും കാറിലോ റോഡിലോ ബലമായി അമർത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഗൗരവ് കന്റിയെ പെയ്ൻഹാം റോഡിൽ ബലമായി പൊലീസ് തള്ളിയിടുന്നത് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. താനും തന്റെ പങ്കാളിയും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഗൗരവ് നിലവിളിക്കുന്നും വിഡിയോയിലുണ്ട്.
ഗൗരവ് മദ്യപിച്ചിരുന്നു. അറസ്റ്റിനെ ചെറുത്തുവെന്നും ഗാർഹിക പ്രശ്നങ്ങളാണ് പൊലീസ് ഇടപെടാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഗൗരവ് മദ്യപിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു. പക്ഷേ ഗാർഹിക പ്രശ്നങ്ങളില്ലെന്നും പെട്രോളിങ്ങിന് അതു വഴി പോയ പൊലീസിനുണ്ടായ സംശയമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അമൃത്പാൽ ആരോപിക്കുന്നു. ഗൗരവിന്റെ മരണവിവരം ഇന്ത്യൻ കോൺസുലേറ്റിനെയും അറിയിച്ചിട്ടുണ്ട്.