വൻകിട വ്യവസായങ്ങളെ ആകർഷിക്കാൻ കിൻഫ്ര, കെഎസ്ഐഡിസി പാർക്കുകളിലെ പാട്ട വ്യവസ്ഥകൾ സർക്കാർ ഉദാരമാക്കി. 100 കോടി രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർക്ക് പാട്ടക്കാലാവധി 90 വർഷമാക്കി. ഇതുവരെ 30 മുതൽ 60 വർഷം വരെയായിരുന്നു. ഇവർ പാട്ടത്തുകയുടെ 10% മാത്രം മുൻകൂറായി അടച്ചാൽ മതി. ബാക്കി പലിശ സഹിതം 9 തുല്യ വാർഷികതവണകളായി അടയ്ക്കാം. രണ്ടു വർഷം മോറട്ടോറിയവും ലഭിക്കും.
പാട്ടത്തുകയുടെ 10 ശതമാനം മുൻകൂറായും 50 ശതമാനം ഒരു മാസത്തിനകവു൦ ബാക്കി രണ്ടു വർഷത്തിനകം രണ്ടു ഗഡുക്കളായും നൽകണമെന്ന വ്യവസ്ഥയിലാണു മാറ്റം. വ്യവസായ ആവശ്യത്തിനു ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിച്ചു സർക്കാർ ഉത്തരവിറക്കി. മറ്റെല്ലാ നിക്ഷേപകർക്കും 60 വർഷം വരെയാണ് പാട്ടത്തിന് നൽകുക. 50 കോടി മുതൽ 100 കോടി രൂപ വരെ നിക്ഷേപത്തിന് പാട്ടത്തുകയുടെ 20% മുൻകൂർ അടച്ചാൽ മതി. ബാക്കി തുക അഞ്ച് തുല്യ വാർഷിക ഗഡുക്കളായി അടയ്ക്കാം.