ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ഡ്രോണ് ആക്രമണം തുടങ്ങിയിരിക്കുകയാണ് ഇറാൻ. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.
നേരത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞു. സർക്കാരിന്റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും പ്രസ്താവനയിൽ പറയുന്നു.
മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- “സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും”- ഖമേനി പറയുന്നു.
ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’
ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാൻ ഇന്ന് പുലർച്ചെ ഉണർന്നത് ഉഗ്ര സ്ഫോടനങ്ങൾ കേട്ടാണ്. അഞ്ചു റൗണ്ടുകളിലായി 13 സുപ്രധാന കേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണം. മാസങ്ങളുടെ ആസൂത്രണത്തിലൂടെ ഇസ്രയേൽ നടപ്പാക്കിയ പദ്ധതിയിൽ കൊല്ലപ്പെട്ടത് ഇറാന്റെ ഉന്നത സൈനിക, ശാസ്ത്ര നിരയാണ്. ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന് പേരിട്ട ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സിന്റെ കമാൻഡർ-ഇൻ-ചീഫ് ഹൊസൈൻ സലാമി അടക്കം കൊല്ലപ്പെട്ടു. ഉന്നത സൈനിക, ആണവ ഉദ്യോഗസ്ഥർ തങ്ങിയ കേന്ദ്രം ഇസ്രയേൽ ബോംബിട്ട് തകർത്തു എന്നാണ് വിവരം. നതാൻസ് അടക്കം ഇറാന്റെ സുപ്രധാന ആണവോർജ നിലയങ്ങൾ തകർന്നു.
ഇറാന്റെ കിഴക്കൻ പ്രവിശ്യയിലെ മൂന്ന് സൈനിക കേന്ദ്രങ്ങളും ടെഹ്റാനിലെ ഇറാന്റെ വിപ്ലവ ഗാർഡിന്റെ ആസ്ഥാനവും ഉൾപ്പെടെ ഇസ്രായേൽ തകർത്തു. ഇസ്രയേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായതിനാൽ ആണ് ഇറാനെ ആക്രമിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യായീകരിച്ചു. ഭീഷണി അവസാനിക്കും വരെ സൈനിക നടപടി തുടരുമെന്നും പ്രഖ്യാപിച്ചു.
പങ്കില്ലെന്ന് അമേരിക്ക
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമേരിക്ക പങ്കാളിയായിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കരുതെന്ന് യുഎസ് ഇറാനോട് ആവശ്യപ്പെട്ടു. എന്നാൽ അമേരിക്കയുടെ പൂർണ പങ്കാളിത്തത്തോടെയാണ് ആക്രമണമെന്ന് ഇറാൻ ആരോപിച്ചു.