കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു. ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ പറഞ്ഞു.
മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നത്. ശബരിമലയിലേത് വിവാദമല്ല, പകൽ കൊള്ളയാണ്. കൊള്ള നടന്നത് ശബരിമലയിൽ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമാണ്. കൊള്ള നടത്തുന്നവർ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ശരിയാവില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ദേവൻ പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാണ് താരങ്ങളുടെ വീട്ടിലെ റെയ്ഡെന്ന് സുരേഷ് ഗോപി
ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സ്വർണ്ണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്ന് കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ വിശദീകരണം നൽകുന്നില്ല. പ്രജാ വിവാദവും സ്വർണ്ണ ചർച്ചയും മുക്കാനാണ് ഇത്തരം നടപടികൾ. എല്ലാം കുതന്ത്രമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇഡി മുന്നോട്ട് പോവുകയാണ്. എന്നാൽ താരങ്ങളുടെ വീടുകളിലെ പരിശോധനയെക്കുറിച്ച് ഇഡി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഇന്നലെ പാലക്കാട് നടന്ന കലുങ്ക് സംവാദത്തിലാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രതികരണം. കേന്ദ്ര ഏജൻസികളാണ് ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും എതിരെയടക്കം അന്വേഷണം നടത്തുന്നത്. ഈ കേന്ദ്ര ഏജൻസികളുടെ നടപടിയെയാണ് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ ശബരിമല സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമെന്ന് കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി സംശയിക്കുന്നത്.