ടോക്കിയോ: ജപ്പാൻകാരുടെ പ്രിയപ്പെട്ട ബിയറാണ് ആസാഹി. എന്നാലിപ്പോൾ ജപ്പാനിലെ ബിയർ പാർലറുകളിലും കടകളിലും ആസാഹി കാണാനേയില്ല. വിരലിലെണ്ണാവുന്ന ബിയർ കുപ്പികളാണ് ചെറുകിട കടകളിലേക്ക് എത്തുന്നത്. ബിയർ മാത്രമല്ല ആസാഹി ബ്രൂവറിയിൽ നിന്നുള്ള കുപ്പി വെള്ളവും, സോഡയും അടക്കം വിപണിയിൽ നിന്ന് തുടച്ച് മാറ്റപ്പെട്ട സ്ഥിതിയാണ് നിലവിൽ ജപ്പാനിലുള്ളത്. ഇതിന് കാരണക്കാരായത് ബിയർ ഉത്പാദന രംഗത്തെ മറ്റ് ബ്രാൻഡുകളൊന്നുമല്ല. ക്വിലിൻ എന്ന സൈബർ കുറ്റവാളികളുടെ സംഘമാണ്. ജപ്പാനിലെ ഏറ്റവും മികച്ച ബിയർ കമ്പനിയുടെ 30 ലേറെ ഫാക്ടറികളുടെ പ്രവർത്തനമാണ് ക്വിലിൻ താറുമാറാക്കിയത്. കഴിഞ്ഞ മാസം അവസാനത്തോടെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ ആസാഹിയുടെ കംപ്യൂട്ടറുകൾ പ്രവർത്തനം നിലച്ച നിലയിലാണ്. പേനയും പേപ്പറിലും ഫാക്സ് മെഷീനിലുമായാണ് നിലവിൽ ആസാഹിയുടെ പ്രവർത്തനം. സൈബർ ആക്രമണത്തിന് മുൻപ് ഫാക്ടറികളിൽ നിന്ന് അയച്ച ഷിപ്മെന്റുകളിൽ നിന്നാണ് വിരലിൽ എണ്ണാവുന്ന കുപ്പികൾ മാത്രമായി കടകളിലേക്ക് എത്തുന്നത്. ജപ്പാനിലെ ബിയർ വ്യാപാര മേഖലയുടെ 40 ശതമാനവും കൈവശമുണ്ടായിരുന്ന ഒരു സ്ഥാപനമാണ് ഇത്തരത്തിൽ സൈബർ കുറ്റവാളികൾക്ക് മുന്നിൽ മുട്ടിടിച്ച് നിൽക്കുന്ന അവസ്ഥ ഉണ്ടായിട്ടുള്ളത്. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിലുണ്ടായ തടസത്തിന് കമ്പനി പൊതുവിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഫാക്ടറികളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് നിലവിൽ ആസാഹിയുള്ളത്. പത്ത് മുതൽ 20 ശതമാനം വരെ ഉത്പാദനം നടത്താൻ കഴിയുന്നുണ്ടെന്നാണ് അസാഹി വിശദമാക്കുന്നത്. ആസാഹിയുടെ യൂറോപ്പിലും ബ്രിട്ടനിലുമുള്ള ബ്രൂവറികളെ സൈബർ ആക്രമണം ബാധിച്ചിട്ടില്ല.
റഷ്യൻ വില്ലൻ ക്വിലിൻ
വലിയ രീതിയിൽ പ്രമുഖ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം നടത്തി പണം തട്ടുന്ന ക്വിലിൻ എന്ന സൈബർ കുറ്റവാളികളാണ് ആസാഹിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. സൈബർ ആക്രമണം നടത്താനായി പ്ലാറ്റ്ഫോം നടത്തുന്ന സംഘമാണ് ക്വിലിൻ. സൈബർ ആക്രമണത്തിലൂടെ തട്ടുന്ന പണത്തിന്റെ ഒരു വിഹിതം ആക്രമണത്തിന് പിന്നിലുള്ളവർ ക്വിലിന് നൽകുന്നു. ചുരുക്കത്തിൽ ആർക്ക് നേരെയും വലിയതോ ചെറിയതോ ആയ സൈബർ ആക്രമണത്തിന് ആവശ്യമായ സഹായ സഹകരണങ്ങളാണ് ക്വിലിൻ നൽകുന്നത്. 2022ന്റെ അവസാനത്തോടെയാണ് ക്വിലിൻ വലിയ രീതിയിൽ ശ്രദ്ധ നേടിതുടങ്ങിയത്. വിൻഡോസ്, ലിനക്സ്, ഇഎസ്എക്സ്ഐ അടക്കം ഏത് സോഫ്റ്റ്വെയറും ഇവരുടെ ആക്രമണത്തിൽ പതറുന്നതാണ് പിന്നീട് സൈബർ ലോകത്ത് കണ്ടത്. റഷ്യയും സഖ്യ കക്ഷിയായ ബെലാറസിലേയും സ്ഥാപനങ്ങൾ മാത്രമാണ് ക്വിലിൻ ആക്രമിക്കാതെ വിട്ടിട്ടുള്ളത്. ഇതിനോടകം 105 സ്ഥിരീകരിച്ച റാൻസംവെയർ ആക്രമണങ്ങളും സ്ഥിരീകരിക്കാത്ത 473 ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ക്വിലിൻ ഏറ്റെടുത്തിട്ടുണ്ട്.
തങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിന്റെ സ്വഭാവം ആസാഹി വിശദമാക്കിയിട്ടില്ല. എന്നാൽ തങ്ങളിൽ നിന്ന് ചോർത്തിയ ഡാറ്റ ഇൻറർനെറ്റിൽ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നാണ് ആസാഹി വിശദമാക്കിയിട്ടുള്ളത്. ആഗോള തലത്തിൽ ക്വിലിൻ പ്രതിയാകുന്ന വലിയ രീതിയിലെ സൈബർ ആക്രമണങ്ങളിൽ ഒടുവിലത്തേതാണ് ആസാഹിക്ക് നേരെയുണ്ടായിട്ടുള്ളത്. നേരത്തെ യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങൾ, ജാഗ്വാർ ലാൻഡ് റോവർ, മാർക്ക് സ്പെൻസർ, നിസാൻ ക്രിയേറ്റീവ്, ഒസാക്കി മെഡിക്കൽ, ഷിൻകോ പ്ലാസ്റ്റിക് അടക്കമുള്ള ബ്രാൻഡുകൾക്ക് നേരെയും ക്വിലിൻ സൈബർ ആക്രമണം നടത്തിയിരുന്നു. എന്നാൽ ജപ്പാനിൽ തുടർച്ചയായി സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം വർദ്ധിക്കുകയാണ്. 2024ൽ ജപ്പാനിലെ നഗോയ കണ്ടെയ്നർ ടെർമിനലിന്റെ പ്രവർത്തനം മൂന്ന് ദിവസമാണ് പൂർണമായി നിലച്ചത്. കഴിഞ്ഞ ഡിസംബറിൽ ജപ്പാൻ എയർലൈൻസും സൈബർ ആക്രമണത്തിന് ഇരയായി. ആഭ്യന്തര വിമാനങ്ങളുടെ പ്രവർത്തനം വലിയ രീതിയിലാണ് അന്ന് തടസപ്പെട്ടത്.
ജപ്പാനിൽ സൈബർ സുരക്ഷ ശോകമെന്ന് വിദഗ്ധർ
ആഗോള തലത്തിൽ മികച്ച സാങ്കേതിക വിദ്യയുണ്ടെന്ന് വാദിക്കുന്ന ജപ്പാന് ആവശ്യത്തിന് സൈബർ സുരക്ഷാ വിദഗ്ധരില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ബിസിനസ് സോഫ്റ്റ്വെയറുകൾ കൈകാര്യം ചെയ്യുന്നതിനും വിദഗ്ധരില്ലാത്ത രാജ്യത്ത് ഡിജിറ്റൽ സാക്ഷരതയിലും ഏറെ പിന്നിലാണെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. 1990 കളിൽ ലോകം ഏറെക്കുറെ പൂർണമായി ഉപേക്ഷിച്ച ഫ്ലോപ്പി ഡിസ്കുകൾ ജപ്പാനിൽ അടുത്ത കാലം വരെ സജീവമായി ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും സൈബർ ആക്രമണങ്ങളെ തടയാൻ പ്രാപ്തമായ സാങ്കേതിക മികവ് ഉള്ളവയല്ലെന്നാണ് ജപ്പാനേക്കുറിച്ച് വിദഗ്ധർ വിശദമാക്കുന്നത്. ഇതിനാൽ തന്നെ ആക്രമണം ഉണ്ടാവുമ്പോൾ വൻ തുക മോചന ദ്രവ്യം നൽകാൻ ജപ്പാൻ കമ്പനികൾ തയ്യാറാവുന്നു. ഇതാണ് സൈബർ അക്രമ സംഘങ്ങൾക്ക് ജാപ്പനീസ് സംരംഭങ്ങൾ പ്രിയപ്പെട്ടതാവുന്നത്. അടുത്തിടെയാണ് സൈബർ ആക്രമണത്തിനെതിരെ ശക്തമായ നിയമം ജപ്പാൻ പാസാക്കിയത്. കമ്പനികൾക്ക് സർക്കാർ കൂടുതൽ വിവരങ്ങൾ നൽകുന്നതും പൊലീസിന് ഇത്തരം ആക്രമണങ്ങളെ നിർവീര്യമാക്കാനും ഉതകുന്നതാണ് ഈ നിയമം.
നിലവിൽ പ്രവർത്തനം ഓഫ്ലൈനായി ഉപഭോക്താക്കൾ പൂർണമായും നഷ്ടമാകാതിരിക്കാനുള്ള ശ്രമത്തിലാണ് ആസാഹിയുള്ളത്. ആസാഹിയിൽ നിന്ന് 27 ടെട്രാബൈറ്റ് ഡാറ്റ കവർന്നതായാണ് ക്വിലിൻ വിശദമാക്കുന്നത്.