വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ പേരിൽനിന്നു പണം തട്ടിയ യുവാവ് പിടിയിൽ. ഇടുക്കി കരിമ്പൻ മണിപ്പാറ കാവുമ്പറമ്പിൽ ജ്യോതിഷ് കെ.ജോയിയെയാണു (37) സെൻട്രൽ പൊലീസ് ബുധനാഴ്ച ബെംഗളൂരുവിൽനിന്നു പിടികൂടിയത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന ബഥനി ടൂർസ് എന്ന കമ്പനിയുടെ മറവിലാണു പ്രതി തട്ടിപ്പു നടത്തിയതെന്നു പൊലീസ് പറഞ്ഞു.
നൂറിലേറെ പരാതികളാണു പ്രതിക്കെതിരെ വിവിധ ജില്ലകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർ എല്ലാ ജില്ലകളിലുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജ്യോതിഷും കൂട്ടാളികളും ഓഫിസ് സ്ഥാപിച്ചിരുന്നു. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ചെറുകിട ജോലികൾ വാഗ്ദാനം ചെയ്താണ് ഇരകളെ ആകർഷിച്ചത്.
ഒന്നര ലക്ഷം രൂപ മുതൽ 3 ലക്ഷം വരെ ഉദ്യോഗാർഥികളിൽ നിന്നു കൈപ്പറ്റി. പണം നൽകിയിട്ടും ജോലി ലഭിക്കാതെ വന്നവർ കൂട്ടത്തോടെ പരാതി നൽകിയതോടെയാണു പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചത്. 8 മാസം മുൻപ് ജ്യോതിഷ് ഒളിവിൽ പോയി.
സെൻട്രൽ സ്റ്റേഷനിൽ മാത്രം പ്രതിക്കെതിരെ 6 പരാതികൾ ലഭിച്ചു. പ്രതിയുടെ 2 കൂട്ടാളികൾ മുൻപ് അറസ്റ്റിലായിരുന്നു. ഇവർക്കു പിന്നീടു ജാമ്യം ലഭിച്ചു. ജ്യോതിഷ് ബെംഗളൂരുവിലുണ്ടെന്ന വിവരം കിട്ടി 2 തവണ സെൻട്രൽ പൊലീസ് അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. താടിയും മീശയും നീക്കം ചെയ്തു രൂപമാറ്റം വരുത്തി വിമൽ എന്ന പേരിലായിരുന്നു ബെംഗളൂരുവിൽ പ്രതി കഴിഞ്ഞിരുന്നത്. ഫോൺ വിളികൾ പിന്തുടർന്നാണു സൈബർ വിഭാഗം ഇക്കുറി ഒളിയിടം കണ്ടെത്തിയത്.






























