വയനാട്: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ നൈജീരിയക്കാരൻ പിടിയില്‍. ബെംഗളൂരുവില്‍ ജോലി ചെയ്ത് വരികയായിരുന്ന നൈജീരിയൻ സ്വദേശി മോസസാണ് പിടിയിലായത്.
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിനിയില്‍ നിന്നും 17 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
കഴിഞ്ഞ ഒക്ടോബറില്‍ വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ കോഡിംഗ് ജോലിക്കായി വിവിധ സൈറ്റുകളില്‍ യുവതി സ്വന്തം വിവരങ്ങള്‍ നല്‍കി അപേക്ഷകള്‍ നല്‍കിയിരുന്നു. ഈ വെബ്‌സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയ പ്രതി പെണ്‍കുട്ടിയുമായി ബന്ധപ്പെടുകയും കാനഡയില്‍ ജോലിവാഗ്ദാനം ചെയ്യുകയുമായിരുന്നു. കാനഡ വിസ ഏജൻസി എന്ന വ്യാജേനയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്. ജോലി കിട്ടണമെങ്കില്‍ 17 ലക്ഷം രൂപ ആവശ്യമാണെന്നും ഇത് തന്റെ അക്കൗണ്ടിലേക്ക് അയക്കണമെന്നുമായിരുന്നു മോസസിന്റെ ആവശ്യം. ഇത് യുവതി അയച്ചിരുന്നു.
ഇതിനു ശേഷവും ഇയാള്‍ പണം ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വയനാട് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ഇയാള്‍ ബെംഗളൂരുവില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തി വരികയാണെന്നും ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ പ്രതി നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ഇയാളില്‍ നിന്നും 15 വ്യാജ സിംകാര്‍ഡുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍, നാല് മൊബൈല്‍ഫോണുകള്‍ എന്നിവ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.