കോട്ടയം: ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നുമില്ലെന്ന്, മണിമല അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി. എംപിയുടെ മകനോട് മനസില്‍ വിദ്വേഷമൊന്നുമില്ല, പക്ഷേ തന്റെ കുടുംബത്തിന് നീതി നിഷേധിക്കരുതെന്ന് ജോളി ആവശ്യപ്പെട്ടു. മരിച്ച ജിസിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുളള ജീവിതത്തിന് ജോലി നല്‍കണം. അപകടശേഷം ജോസ് കെ മാണിയുടെ വീട്ടില്‍ നിന്ന് ആരും ഇതുവരെ വന്നിട്ടില്ലെന്നും ജോളി പറഞ്ഞു.
അപകട ശേഷം ജോസ് കെ മാണിയുടെ കുടുംബത്തില്‍ നിന്ന് രണ്ടു ലക്ഷം നഷ്ടപരിഹാരം വാങ്ങിയെന്ന പ്രചരണം വ്യാജമാണെന്നും ജോളി പറഞ്ഞു. ഇനിയും പൈസ വന്നുകൊണ്ടിരിക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അപകടശേഷം ജോസ് കെ മാണിയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ കാണാന്‍ വരികയോ വിളിക്കുകയോ പോലും ചെയ്തിട്ടില്ലെന്നും നുണപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ജോളി അഭ്യര്‍ത്ഥിച്ചു.
അതേസമയം, സംഭവത്തില്‍ പൊലീസിനെതിരെ മരിച്ച യുവാക്കളുടെ ബന്ധുവായ മനു മാത്യു രംഗത്തെത്തി. കേസില്‍ മൊഴി തയ്യാറാക്കിയത് പൊലീസ് ആണെന്നും രാഷ്ട്രീയ സ്വാധീനം കൊണ്ടാകാം ആദ്യ എഫ് ഐ ആറില്‍ പൊലീസ് പിഴവു വരുത്തിയതെന്നും മനു മാത്യു പറഞ്ഞു. അപകടത്തിന് പിന്നാലെ തന്നെ വാഹനം ഓടിച്ചത് ജോസ് കെ മാണിയുടെ മകനാണെന്ന് വ്യക്തമായിരുന്നു. പരിക്കേറ്റ യുവാക്കളെ മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ആശുപത്രി സൂപ്രണ്ട് തന്നെ കാത്ത് നിന്നിരുന്നു. 45 വയസുള്ള അജ്ഞാതനായ വ്യക്തി ആയിരുന്നു വാഹനം ഓടിച്ചതെങ്കില്‍ സൂപ്രണ്ട് കാത്തു നില്‍ക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് മനു ചോദിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ക്കകം ജോസ് കെ മാണിയുടെ മകന്റെ വാഹനം പൊലീസ് മാറ്റി. സ്റ്റേഷനില്‍ എത്തിച്ച വാഹനം പൊലീസ് പടുത ഇട്ട് മൂടി. മരിച്ച യുവാക്കളുടെ വാഹനം മാറ്റിയത് പിറ്റേന്ന് മാത്രമാണ്. ആദ്യ എഫ്‌ഐആറിലെ പിഴവിന്റെ കാരണം പൊലീസ് പറഞ്ഞിട്ടില്ല. അറുപത് ദിവസങ്ങള്‍ക്കകം പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കുമെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നതെന്നും മനു മാത്യു പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.