ദില്ലി : ഐക്യരാഷ്ട്രസഭ പരിപാടിയിലെ പ്രസ്താവനയിൽ വിശദീകരണവുമായി വിജയപ്രിയ നിത്യാനന്ദ. നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസത്തിന്റ സ്ഥിരം അംബാസിഡര്‍ എന്നറിയപ്പെടുന്നയാളാണ് വിജയപ്രിയ നിത്യാനന്ദ. ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുന്നുവെന്ന പരാതിയായിരുന്നു കൈലാസ പ്രതിനിധിയായി എത്തിയ വിജയപ്രിയ ഉന്നയിച്ചത്.
പരമ്പരാഗത ഹൈന്ദവ സംസ്കാരവും പാരമ്പര്യവും ജീവിതശൈലിയും പുനരുജ്ജീവിപ്പിക്കാനായി നിത്യാനന്ദ ശ്രമിക്കുകയാണെന്നും, എന്നാല്‍ മഹാഗുരുവായ നിത്യാനന്ദയെ ബലാത്സംഗക്കേസിൽ പ്രതിയാക്കി പീഡിപ്പിക്കപ്പെടുകയാണെന്നും ജന്മനാട്ടില്‍ നിന്ന് നാടുകടത്തിയെന്നും അവര്‍ ആരോപിച്ചു. എന്നാൽ ഇന്ത്യക്കെതിരായ ഈ പരമാര്‍ശങ്ങൾ തിരുത്തിയുള്ള വിശദീകരണമാണ് വിജയപ്രിയ ഇപ്പോൾ പ്രസ്താവനയിൽ നൽകിയിരിക്കുന്നത്. ‘യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ ഇന്ത്യയെ ഉയർന്ന ബഹുമാനത്തോടെയാണ് കാണുന്നത്. ഭഗവാൻ നിത്യാനന്ദ പരമശിവത്തെ ജന്മനാട്ടിൽ ചില ഹിന്ദു വിരുദ്ധർ പീഡിപ്പിക്കുന്നുവെന്നാണ് ഞാൻ പ്രസ്താവിച്ചതെന്ന് വിശദീകരിക്കാൻ ആഗ്രഹിക്കുകയാണ്. കൈലാസ ഇന്ത്യയെ ഉന്നത സ്ഥാനത്ത് പരിഗണിക്കുകയും ഗുരുപീഠമായി ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും വിജയപ്രിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിൽ നിരവധി ആശ്രമങ്ങൾ നടത്തിയിരുന്ന നിത്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമവും പീഡനവും ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് നാടുവിട്ടത്. 2019 നവംബറിൽ, ആശ്രമത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങൾ ഗുജറാത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒളിവിൽ പോയത്. തുടർന്ന് കൈലാസം എന്ന രാജ്യം സ്ഥാപിച്ച് സ്വന്തമായി നാണയവും പാസ്പോർട്ടും പുറത്തിറക്കി. എന്നാൽ, രാജ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. കൈലാസ രാജ്യത്തിന്റെ രാജാവായി നിത്യാനന്ദയെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 22ന് ചേർന്ന 19-ാമത് യുണൈറ്റഡ് നേഷൻസ് കമ്മിറ്റി സുസ്ഥിര വികസന യോഗത്തിലാണ് മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്. വിജയപ്രിയ ‘കൈലാസത്തിൽ നിന്നുള്ള സ്ഥിരം അംബാസഡർ’ ആണെന്നാണ് യുണൈറ്റഡ് നേഷൻസ് വെബ്‌സൈറ്റിൽ പറയുന്നത്.