കട്ടക്ക്: ദുർഗാ പൂജയോട് അനുബന്ധിച്ച് നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഒഡിഷയിലെ കട്ടക്കിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷാവസ്ഥയ്ക്ക് അയവില്ല. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഇൻ്റർനെറ്റ് നിരോധനം നീട്ടി. പ്രദേശത്ത് നിരോധനാജ്ഞയും നീട്ടി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിലും കട്ടക്ക് ജില്ലാ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പും നൽകി.
ഒക്ടോബർ 7 ന് വൈകുന്നേരം 7 മണി വരെയാണ് ഇൻ്റർനെറ്റ് വിലക്ക് നീട്ടിയത്. ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായി നേരത്തെ അറിയിപ്പ് നൽകിയിരുന്നു. സംഘർഷം തുടരുന്നത് തടയാനാണ് സസ്പെൻഷൻ ഏർപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 163 പ്രകാരം ഒക്ടോബർ 7 വരെ 36 മണിക്കൂർ നേരത്തേക്ക് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സർക്കാർ ഇന്റർനെറ്റ്, ഒഡീഷ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (OSWAN), ബാങ്കിംഗ്, റെയിൽവേ അല്ലെങ്കിൽ മറ്റ് സർക്കാർ സേവനങ്ങൾ പോലുള്ള ഇൻട്രാനെറ്റ് അധിഷ്ഠിത സേവനങ്ങൾക്ക് ഇപ്പോഴത്തെ ഇൻ്റർനെറ്റ് വിലക്ക് ബാധകമല്ല.
കട്ടക്കിലെ ദാരാഘബസാർ പ്രദേശത്തെ ഹാത്തി പൊഖാരിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നും രണ്ടിനും ഇടയിൽ, കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള സംഗീതം ചില നാട്ടുകാർ എതിർത്തതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ഘോഷയാത്രയ്ക്ക് നേരെ സമീപത്തെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്ന് കല്ലുകളും ഗ്ലാസ് കുപ്പികളും എറിയാൻ തുടങ്ങിയതോടെ ഏറ്റുമുട്ടലിലേക്ക് നീങ്ങിയെന്നാണ് പൊലീസ് പറയുന്നത്. നിരവധി വാഹനങ്ങൾക്കും വഴിയോര കടകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. മൂന്ന് മണിക്കൂറോളം നിമജ്ജന ഘോഷയാത്ര നിർത്തിവച്ച ശേഷം കർശന സുരക്ഷയിലാണ് ഇത് പുനരാരംഭിച്ചത്.