വര്‍ക്കല:തിരുവനന്തപുരം വര്‍ക്കലയിൽ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ വിദ്യാര്‍ത്ഥിയെ കാമുകിയും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിൽ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. എട്ടാംപ്രതി നീരജിന്‍റെ ജാമ്യാപേക്ഷ തള്ളിയാണ് വര്‍ക്കല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കേസിൽ ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.
ഒന്നാംപ്രതി ലക്ഷ്മിപ്രിയ, രണ്ടാംപ്രതിയും ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനുമായ അഭിനവ് ജോജോ, മറ്റ് പ്രതികളായ ഒബത്ത്, അതുൽ പ്രശാന്ത്, അശ്വിൻ, നീരജ്, അമൽ എന്നിവരെയാണ് 4 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പിടിയിലായ ഏഴ് പ്രതികളേയും കോടതിയിൽ ഹാജരാക്കി. കേസിൽ ഇനിയും രണ്ടുപേരെ പിടികൂടാനുണ്ടെന്നും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.
എട്ടാംപ്രതി നീരജിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി നിലവിൽ റിമാൻഡിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിന് ശേഷം പ്രതികളുമായി തെളിവെടുപ്പ് നടത്തുമെന്ന് അയിരൂര്‍ പൊലീസ് വ്യക്തമാക്കി. യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദ്ദിച്ച എറണാകുളത്തെ വീട്ടിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തും.
ഈമാസം അഞ്ചിനാണ് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ അയിരൂര്‍ സ്വദേശിയായ യുവാവിനെ ലക്ഷ്മി പ്രിയയും സംഘവും കാറിൽ തട്ടിക്കൊണ്ടുപോയി എറണാകുളത്ത് കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം വഴിയിൽ തള്ളിയത്. അഞ്ചാംപ്രതി സൈക്കോ ജോസഫ്, ഒന്പതാം പ്രതി അമൽ എന്നിവരാണ് പിടിയിലാകാനുള്ളത്.