ബീജിങ്: മകളെ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുപ്പിച്ച് വടക്കൻ കൊറിയൻ നേതാവ് കിം ജോങ് ഉൻ. ചൈനയുടെ സൈനിക പരേഡിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കിം മകളെയും കൂടെക്കൂട്ടിയത്. മകളുടെ സാന്നിധ്യം കിം ജോങ് ഉന്നിന്റെ പിൻഗാമിയാകാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. ഉത്തരകൊറിയ ഒരിക്കലും അവളുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത് പ്രകാരം, മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ ഡെന്നിസ് റോഡ്മാൻ ജു എ എന്ന് വിശേഷിപ്പിച്ച മകളെയാണ് കിം ചൈനയിലേക്ക് കൂടെ കൂട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2013 ൽ റോഡ്മാൻ കിമ്മിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചിരുന്നു.
പ്യോങ്‌യാങ്ങിൽ നിന്ന് ചൈനീസ് തലസ്ഥാനമായ ബീജിംഗിലേക്ക് കവചിത ട്രെയിനിലാണ് കിമ്മും മകളും എത്തിയത്. രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ച ജപ്പാന്റെ കീഴടങ്ങലിന്റെ സ്മരണയ്ക്കായാണ് ചൈന വമ്പിച്ച സൈനിക പരേഡ് നടത്തിയത്. കിം ജോങ് ഉൻ, വ്ലാദിമിർ പുട്ടിൻ എന്നിവരായിരുന്നു മുഖ്യാഥിതികൾ. ഉത്തരകൊറിയയുടെ അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയുള്ള വ്യക്തിയാണ് ജു എയെന്ന് സ്റ്റിംസൺ സെന്ററിലെ ഉത്തരകൊറിയ രാഷ്ട്രീയ വിദഗ്ദ്ധനായ മൈക്കൽ മാഡൻ പറഞ്ഞു. ഉത്തരകൊറിയയ്ക്ക് പുറത്ത് കിം ജോങ് ഉന്നിനൊപ്പം അവർ എത്തുന്നതും ഇതാദ്യമായാണെന്ന് മാഡൻ പറഞ്ഞു.
അതേസമയം, കിം ജോങ് ഉൻ തന്റെ പിതാവ് കിം ജോങ് ഇല്ലിനൊപ്പം വിദേശയാത്രകളിൽ പങ്കെടുത്തതിന് തെളിവുകളൊന്നുമില്ലെന്ന് വിദഗ്ധർ പറഞ്ഞു. 1950 കളിൽ തന്റെ പിതാവും ഉത്തരകൊറിയയുടെ സ്ഥാപകനുമായ കിം ഇൽ സുങ്ങിനൊപ്പം ജോങ് ഇൽ വിദേശയാത്രകൾ നടത്തിയിരുന്നു. 2022 ൽ ഒരു കൂറ്റൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുമ്പോൾ ജു എയെ പിതാവിനൊപ്പം ഉണ്ടായിരുന്നു. അന്നാണ് മകളെ ലോകം ആദ്യമായി കാണുന്നത്. കിമ്മിന്റെ മറ്റ് മക്കളെക്കുറിച്ച് ഇപ്പോഴും വിവരങ്ങൾ ലഭ്യമല്ല. ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ജു എയ്, മെയ് മാസത്തിൽ റഷ്യൻ എംബസിയിൽ നടന്ന ഒരു പരിപാടിയിൽ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.