കൊച്ചി: കൊച്ചി കുണ്ടന്നൂരിൽ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് കണ്ടെത്തൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് 14 ലക്ഷം രൂപയുടെ ഏലക്ക വാങ്ങിയതായാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏലക്കർഷകനും പന്ത്രണ്ടാം പ്രതിയുമായ ലെനിനെ പൊലീസ് പിടികൂടിയിരുന്നു. ഒന്നാംപ്രതി ജോജിയെ ഏലക്കത്തോട്ടത്തിൽ ഒളിപ്പിച്ചതും ലെനിൻ ആണെന്ന് പൊലീസ് കണ്ടെത്തി. തൊണ്ടിമുതലായി പിടികൂടിയ ചാക്കുകണക്കിന് ഏലക്ക മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.കവര്‍ച്ചാ കേസിൽ മുഖ്യസൂത്രധാരനായ അഭിഭാഷകനടക്കം ഏഴുപേർ അറസ്റ്റിലായിരുന്നു. തട്ടിപ്പിൽ പങ്കാളിയായ വനിതയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിയെടുത്ത 80 ലക്ഷത്തിൽ 20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
കുണ്ടന്നൂരിലെ നാഷണൽ സ്റ്റീൽ കട ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ കവർന്ന കേസിലാണ് സജി, വിഷ്ണു എന്നീ നെട്ടൂർ സ്വദേശികളാണ് ആദ്യം പിടിയിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കോടതിയിലെ അഭിഭാഷകനായ നിഖിൽ നരേന്ദ്രനാഥ് പിടിയിലാവുന്നത്. പിന്നാലെ ബുഷറ എന്ന യുവതിയും, ആസിഫ് എന്നായാളും അറസ്റ്റിലായത്. നിഖിൽ നരേന്ദ്രനാഥാണ് ട്രെഡ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിൽ നടന്ന പണം ഇരട്ടിപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് അറിയിച്ചു. ഇവർ അഞ്ചു പേരെയും റിമാൻഡ് ചെയ്തു.
തട്ടിപ്പ് അസൂത്രണം ചെയ്ത 2 പേരെകൂടി ഇന്നലെ അർദ്ധരാത്രി കസ്റ്റഡിയിൽ എടുത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഖം മൂടി ധാരികളായ മൂന്നു പേരെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല. ഇവർക്കിടയിൽ പ്രവർത്തിച്ച ജോജി എന്നൊരാൾ കൂടി പിടിയിലാവാൻ ഉണ്ട്. ജോജിയെ പിടിച്ചാൽ മാത്രമേ പൂർണ്ണ ചിത്രം വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു. പ്രതികൾ തട്ടിയെടുത്ത 80 ലക്ഷം രൂപയിൽ 20 ലക്ഷം പോലീസ് പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. ഇവർ ഉപയോഗിച്ച എയർഗണ്ടും പ്രതികൾ സഞ്ചരിച്ച വാഹനവും നേരത്തെ പിടിച്ചെടുത്തിരുന്നു.