ന്യായവില ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ഊഹകണക്ക് ഒഴിവാക്കണമെന്നും ന്യായവില ഉറപ്പാക്കാൻ മൂന്ന് ഘടകങ്ങൾ പരിശോധിച്ചിരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 1991ൽ യുപിയിലെ ചാലേര ബംഗാർ ഗ്രാമത്തിൽ സ്ഥലം ഏറ്റെടുത്തപ്പോൾ പല രീതിയിൽ നഷ്ടപരിഹാരത്തുക നിശ്ചയിച്ചതിനെ തുടർന്നു വന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കോടതി പറഞ്ഞ മൂന്ന് കാര്യങ്ങൾ.
1 ഭൂമിയുടെ സവിശേഷത. ഏറ്റെടുക്കുന്ന സ്ഥലത്തിൻറെ പ്രത്യേകതകൾ വില നിർണയത്തിൽ പ്രധാനമാണ്. സവിശേഷതകൾ ഉള്ള ഭൂമിക്ക് വില ഉയരും. റോഡ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ലഭ്യത, നിരപ്പ് തുടങ്ങിയവ മൂല്യമുയർത്തും.
2 ഭാവി സാധ്യതകൾ. ഭാവിയിൽ ഉണ്ടാകാവുന്ന പ്രയോജനവും മൂല്യനിർണയത്തിലെ പ്രധാന ഘടകമാണ്. വാണിജ്യ പാർപ്പിട ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വികസിത മേഖലയിലോ അതിനടുത്തോ സ്ഥിതി ചെയ്യുന്നവയ്ക്കും മറ്റും മൂല്യം ഉയരും.
3 വിപണിയുടെ സ്ഥിതി. എന്തെല്ലാം അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിലും; വിപണിയുടെ അപ്പോഴത്തെ സ്ഥിതി മൂല്യനിർണയത്തിൽ പ്രധാനമാകും. സ്ഥലം ഏറ്റെടുപ്പിനുള്ള വിജ്ഞാപനം വരുമ്പോഴുള്ള സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ മൂല്യം കുറയാം. ഉദാഹരണത്തിന് സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയ അസ്ഥിരത, ഊഹകച്ചവട നിക്ഷേപം, റിയൽ എസ്റ്റേറ്റ് പ്രതിസന്ധി എന്നിവ. ചുരുക്കത്തിൽ ഭൂമിയുടെ മൂല്യനിർണയം വിലയിരുത്തുമ്പോൾ ഇതെല്ലാം പരിഗണിക്കണം.