ലിസ്ബൺ: പോർച്ചുഗലിലെ ലിസ്ബണിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗ്ലോറിയ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു. 15 പേർ കൊല്ലപ്പെട്ടു. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 18ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ട്രാം പാളം തെറ്റിയാണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യാഴാഴ്ച ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് പോർച്ചുഗൽ. ലിസ്ബണിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന യെലോ ആന്റ് വൈറ്റ് എല്‍വദോര്‍ ഡെ ഗ്ലോറിയ എന്ന ജനപ്രിയ ട്രാമാണ് പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെ തലകീഴായി മറിഞ്ഞത്. ട്രെയിനിന്റെ ബ്രേക്കിങ്ങിലെ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. വളവിലെ കെട്ടിടത്തിലിടിച്ചാണ് ട്രാം തലകുത്തനെ മറിഞ്ഞത്. കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ട്രാം നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിലൊരാള്‍ വെളിപ്പെടുത്തിയത്. ട്രാമിന്‍റെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്തിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പവും പരുക്കേറ്റവര്‍ക്കൊപ്പവും രാജ്യം ഉണ്ടെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തമെന്നായിരുന്നു ലിസ്ബണ്‍ മേയറുടെ പ്രതികരണം. പോര്‍ച്ചുഗലിന്‍റെ ദേശീയ സ്മാരകമെന്നാണ് ദി എല്‍വദോര്‍ ഡി ഗ്ലോറിയയെ വിശേഷിപ്പിക്കുന്നത്. 40 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ട്രാമിനുള്ളത്. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ട്രാമില്‍ യാത്ര ചെയ്യുന്നതിനായി ലിസ്ബണിലേക്ക് വര്‍ഷം തോറുമെത്തുന്നത്. 1885ലാണ് ഈ ട്രാം സർവ്വീസ് ആരംഭിച്ചത്. ലിസ്ബണിൽ നിന്ന് രാത്രി ജീവിതത്തിന് പ്രശസ്തമായ ബെയ്‌റോ ആൾട്ടോയിലെ റെസ്റ്റോറേഴ്സ് സ്ക്വയറിലേക്ക് ആളുകളെ എത്തിക്കാനായിരുന്നു സർവ്വീസ് ആരംഭിച്ചത്.
വിനോദ സഞ്ചാരികളും തദ്ദേശീയരും ഒരുപോലെ ഈ സർവ്വീസ് ഉപയോഗിക്കാറുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ ട്രാൻസ്പോർട്ട് കമ്പനിയായ കാരിസ് ആണ് ട്രാം സർവ്വീസ് നടത്തുന്നത്. 3ദശലക്ഷത്തോളം ആളുകളാണ് ഓരോ വർഷവും ട്രാം ഉപയോഗിക്കുന്നത്. എതിർ ദിശയിൽ ഘടിപ്പിച്ച രണ്ട് കാറുകളാണ് ട്രാമിലുള്ളത്. നിലവിലെ അപകടത്തിൽ താഴെ ഭാഗത്തുണ്ടായിരുന്ന ട്രാം കാറിന് കാര്യമായ പരിക്കുകളില്ല. എന്നാൽ മുകളിൽ നിന്ന് വന്ന ട്രാം കാർ പൂർണമായും തകർന്ന നിലയിലാണ്.